കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

 
India

ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച വഴിമുട്ടിയെന്ന് നിർമല സീതാരാമൻ

അഭിപ്രായഭിന്നതകളെ കൂടിയാലോചനകളിലൂടെയാണ് പരിഹരിക്കേണ്ടത്.

Reena Varghese

മ്യൂണിച്ച്: ഇന്ത്യയും അമെരിക്കയും തമ്മിലെ ഇടക്കാല വ്യാപാര കരാർ സംബന്ധിച്ച ചർച്ച താത്കാലികമായി നിലച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇരു രാജ്യങ്ങളും തമ്മിൽ ചില കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് ചർച്ചയെ വഴിമുട്ടിച്ചതെന്നും അവർ വ്യക്തമാക്കി. വ്യാപാര കമ്മിയിലെ അസംതുലിതാവസ്ഥ പരിഹരിക്കേണ്ടത് കൂടിയാലോചനകളിലൂടെയാണെന്നും തീരുവകളെ ആയുധ‌വത്കരിക്കരുതെന്നും അമെരിക്കയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു.

ഇതു വളരെ കടുപ്പമേറിയും കർക്കശമായ കൂടിയാലോചനകൾ നടക്കുന്നതുമായ കരാറാണ്. ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും കൊടുക്കൽ വാങ്ങലുകളിൽ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിനും അപ്പുറം ഇന്ത്യയും അമെരിക്കയും എത്തിനിൽക്കുന്നതായാണ് ഞാൻ വിശ്വസിക്കുന്നത്- അന്താരാഷ്ട്ര സുരക്ഷാ നയത്തിനും നയതന്ത്രപരമായ കൈമാറ്റത്തിനുമുള്ള വേദിയായ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെ നിർമല പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറ‌യ്ക്കാനായിരുന്നു അമെരിക്ക ലക്ഷ്യമിട്ടത്. അഭിപ്രായഭിന്നതകളെ കൂടിയാലോചനകളിലൂടെയാണ് പരിഹരിക്കേണ്ടത്. എന്നാൽ വ്യാപാര കമ്മിയെ മറ്റു മാർഗങ്ങളിലൂടെ കുറയ്ക്കാനാണ് അമെരിക്കൻ ശ്രമം. അവിടെയാണ് തീരുവ ആയുധമാക്കപ്പെടുന്നതെന്നും നിർമല ചൂണ്ടിക്കാട്ടി. വ്യാപാര കരാർ ചർച്ചയിൽ അഭിപ്രായ ഐക്യത്തിന് സാധ്യതയുണ്ടെങ്കിൽ ഇരു രാജ്യങ്ങളും അതിൽ എത്തിച്ചേരും. വ്യാപാര കമ്മിയെ മാത്രം ചർച്ചയുടെ മാനദണ്ഡമാക്കാൻ പാടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി താരിഫ് ചുമത്തിയ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയാണ് വ്യാപാര ചർച്ചയെ പ്രതിസന്ധിയിലാക്കിയത്. യുഎസിലേക്ക് കയറ്റിയയ്ക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം 50 ശതമാനം താരിഫ് ചുമത്തിയിരുന്നു. റഷ്യൻ ഓയിലിന്‍റെ പേരിലെ 25 ശതമാനം പിഴ അടക്കമായിരുന്നു തീരുവ. പിഴത്തീരുവ ഈവർഷം ഫെബ്രുവരിയിൽ പിൻവലിച്ചിരുന്നു.

പിന്നീട് ട്രംപിന്‍റെ താരിഫ് നയത്തെ യുഎസ് സുപ്രീം കോടതി റദ്ദാ‌ക്കുകയും ചെയ്തു. നിർബന്ധിത തൊഴിൽ അടക്കം ആരോപിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 10 ശതമാനം ഡ്യൂട്ടിയും അമെരിക്ക ചുമത്തിയിട്ടുണ്ട്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള നിയമം യുഎസ് പാസാക്കിയതും ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം, ജി20 രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ യോഗത്തിനിടെ യുഎസിന്‍റെ വ്യാപാര പ്രതിനിധി ജാമിയേൺ ഗ്രീറുമായി കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ ചർച്ച നടത്തിയിരുന്നു. വ്യാപാര കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും എന്നാൽ അതു ഉടൻ യാഥാർഥ്യമാകുമോയെന്ന് പറയാൻ സാധിക്കില്ലെന്നുമായിരുന്നു ഗ്രീറിന്‍റെ പ്രതികരണം. തീരുവ ഇളവു നൽകേണ്ടതും വിപണി തുറന്നുകൊടുക്കേണ്ടതുമായ ഉത്പന്നങ്ങളുടെ പട്ടിക തയാറായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും അടുത്തുതന്നെ കരാർ സംബന്ധിച്ച് സംസാരിക്കുമെന്നും ഗ്രീർ പറഞ്ഞിരുന്നു.