ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ 7 പേരെ കാണാതായി; തെരച്ചിൽ ഊർജിതമാക്കി നാവികസേനയും കോസ്റ്റ് ഗാർഡും
കാക്കിനാഡ: ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ 7 മത്സ‍്യത്തൊഴിലാളികളെ കാണാതായി. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്നുള്ള മത്സ‍്യത്തൊഴിലാളികളെയാണ് കാണാതായത്. ഇതേത്തുടർന്ന് നാവികസേനയും കോസ്റ്റ് ഗാർഡും വിശദമായ തെരച്ചിൽ നടത്തിവരുകയാണ്.
നവംബർ നാലിന് മത്സ‍്യബന്ധനത്തിന് പോയ ബോട്ടുടമയായ ഡി. സിംഹാദ്രി, കോദണ്ഡ റാവു, ഗമ്പാല പ്രകാശ്, തിരി നാരായണ, കൊരഡ ചിന്ന, മെരുഗു നാരായണ, കണ്ടല രാമു എന്നിവരെയാണ് കാണാതായതെന്ന് ഫിഷറീസ് അഡീഷണൽ ഡയറക്റ്റർ ഡോ. പി. ശങ്കർ റാവു പറഞ്ഞു.
ഉപ്പട മണ്ഡലത്തിൽ നിന്നുള്ള രണ്ട് മത്സ‍്യബന്ധന ബോട്ടുകളാണ് കടലിലേക്ക് പോയത്. എന്നാൽ ഒരു ബോട്ട് മാത്രമാണ് സുരക്ഷിതമായി തിരിച്ചെത്തിയത്. 7 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് കാണാതാവുകയായിരുന്നു. നവംബർ 14ന് ചുഴലിക്കാറ്റിനെത്തുടർന്ന് തങ്ങൾ കടലിൽ അകപ്പെട്ടതായി സിംഹാദ്രി ഭാര‍്യയെ വിളിച്ച് അറിയിച്ചിരുന്നു.