ദുർഗാപൂജ ആഘോഷത്തിനിടെ ആർപിഎഫ് അറസ്റ്റു ചെയ്ത ബംഗ്ലാദേശികളായ ബിലാൽ ഹുസൈൻ, അമീർ അലി, ഹസൻ മിയ എന്നിവർ

 
India

ദുർഗാപൂജ ആഘോഷത്തിനിടെ അസമിൽ മൂന്നു ബംഗ്ലാദേശികൾ അറസ്റ്റിൽ

ബംഗ്ലാദേശികളെ പിടികൂടിയത് ആർപിഎഫ്

Reena Varghese

ഗുവഹത്തി: ദുർഗാപൂജ ആഘോഷത്തിനിടെ അസമിലെ ലുംഡിങ് റെയിൽവേ ജംഗ്ഷനിൽ ഗുവഹത്തി-സൈരംഗ് എക്സ്പ്രസ് ട്രെയിൻ നമ്പർ 15609-ൽ യാത്ര ചെയ്യുന്നതിനിടെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) നടത്തിയ ഓപ്പറേഷനിൽ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു.ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയിൽ നിന്നുള്ള ബിലാൽ ഹുസൈൻ, അമീർ അലി, ഹസൻ മിയ എന്നിവരാണ് അറസ്റ്റിലായതെന്ന് തിരിച്ചറിഞ്ഞു. മൂന്നു മാസം മുമ്പ് പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലൂടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നാണ് ഇവർ ഇന്ത്യയിലേയ്ക്കു കടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലേയ്ക്കു പ്രവേശിക്കാൻ ഒരു വ്യാജ വ്യാപാരിക്ക് തങ്ങൾ 15,000 രൂപ നൽകിയതായാണ് അവർ പോലീസ് സംഘത്തോടു പറഞ്ഞത്. ഇന്ത്യയിൽ പ്രവേശിച്ച ശേഷം ഉത്തർ പ്രദേശിൽ എത്തി തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇവരെ ലുംഡിങ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ ഇരിക്കുന്നതിനാൽ ഇതുവരെ ആർപിഎപ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.