മണിപ്പുരിൽ 84 ബിഎസ്എഫ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയേറ്റതായി സംശയം
ഇംഫാൽ: മണിപ്പുരിൽ 84 ബിഎസ്എഫ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കഴിച്ച ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതായിരിക്കാമെന്ന് സംശയിക്കുന്നു. ഇംഫാലിലെ ലാഷാഗിൽ താമസിച്ചിരുന്ന ഇവർ രാവിലെ 8:30യ്ക്ക് പൂരിയും ആലു സബ്ജിയുമാണ് കഴിച്ചത്. ഇതിനു പിന്നാലെ ഛർദ്ദിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്.
ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സ നൽകിയതായും അവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യനില വഷളാകുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള കാരണം കണ്ടെത്താൻ പരിശോധനകൾ നടന്നുവരികയാണെന്നും ആശുപത്രിയിലെ മെഡിക്കൽ സുപ്രണ്ട് എം. രാമേശ്വർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു വർഷത്തിലേറെയായി ഇവിടെ വംശീയ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ബിസിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്.