മുരിദ്‌കെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരും

 
India

മുരിദ്‌കെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരും

ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്നിലധികം വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍ പങ്കാളികളായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Reena Varghese

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ കഴിഞ്ഞ വര്‍ഷം മേയ് 7 മുതല്‍ 10 വരെ നടത്തിയ സൈനിക ദൗത്യമായ 'ഓപ്പറേഷന്‍ സിന്ദൂറില്‍' ഇന്ത്യന്‍ വ്യോമസേനയിലെ വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍ വഹിച്ച പങ്കിനെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുരിദ്‌കെയിലെ ആസ്ഥാനം ആക്രമിച്ച ഇന്ത്യന്‍ സേനയില്‍ വനിതാ ഫ്‌ളൈറ്റ് ലെഫ്റ്റനന്‍റും ഉള്‍പ്പെട്ടിരുന്നെന്നു ഇന്ത്യയുടെ പ്രതിരോധ-സുരക്ഷാ വിഭാഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

88 മണിക്കൂര്‍ നീണ്ടുനിന്ന ' ഓപ്പറേഷന്‍ സിന്ദൂറില്‍ ' ഉപയോഗിച്ച 'റാംപേജ്', 'ബ്രഹ്‌മോസ്' എന്നീ വായുവില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള 'സു-30 എംകെഐ' വിമാനമാണ് ഇന്ത്യന്‍ വ്യോമസേനയുടെ വനിതാ പൈലറ്റ് പറത്തിയിരുന്നത്. എന്നാല്‍ മുരിദ്‌കെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ കൃത്യമായി ഏത് മിസൈലാണ് പ്രയോഗിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല.

ആക്രമിക്കപ്പെട്ടതിനു ശേഷം മുരിദ്‌കെയില്‍നിന്ന് മിസൈല്‍ അവശിഷ്ടങ്ങള്‍ പാക്കിസ്ഥാന്‍ വീണ്ടെടുത്തിട്ടുണ്ടാകുമെന്നും, അവ ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ അവര്‍ ശ്രമിക്കുന്നുണ്ടാകുമെന്നും കരുതുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്നിലധികം വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍ പങ്കാളികളായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ യുദ്ധവിമാനങ്ങളായ റഫാലും, എസ്‌യു 30 എംകെഐയും പറത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഡിസ്‌കവറി ചാനല്‍ അടുത്തിടെ പുറത്തിറക്കിയ 'ഡീക്ലാസിഫൈഡ്: ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യു-സീരീസില്‍ ഒരു ഇന്ത്യന്‍ വനിതാ ഓഫിസറെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂര്‍'-ന്‍റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ആകെ ഒമ്പത് കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഇവയില്‍ മുരിദ്‌കെ, ബഹാവല്‍പൂരിലെ ജയ്ഷ്-ഇ-മുഹമ്മദ് ആസ്ഥാനം എന്നീ രണ്ട് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമിച്ചത്. ബാക്കിയുള്ളവ ഇന്ത്യന്‍ കരസേന 'ലോയിറ്ററിങ് മ്യൂണിഷനുകളും' ദീര്‍ഘദൂര പീരങ്കികളും ഉപയോഗിച്ചു തകര്‍ത്തു.

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം