തമിഴ്നാട്ടിൽ തടവുകാർ കൂട്ടത്തോടെ ജയിൽചാടിയ സംഭവം; 9 പൊലീസുകാർക്ക് സസ്പെൻഷൻ
തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ്ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി ജയിൽ വകുപ്പ്. ചുമതലയിൽ വീഴ്ച വരുത്തിയ 2 ഹെഡ് കോൺസ്റ്റബിൾമാർ, 7 ജയിൽ വാർഡന്മാർ എന്നിങ്ങന്‍റെ 9 പേരെ സസ്പെൻഡ് ചെയ്തു.
സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു. തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 3 ജയിൽ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.
ഉദ്യോഗസ്ഥനെ മർദിച്ച് അവശരാക്കി 17 ഓളം ജയിൽ ജീവനക്കാരാണ് ചാടിപ്പോയത്. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനോടകം ഏതാനും തടവുകാരെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തേനി കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലയായതിനാൽ ഇടുക്കി, പാലക്കാട്, പത്തനംതിട്ട അതിർത്തികളിൽ തമിഴ്നാട്-കേരള പൊലീസുകൾ വാഹന പരിശോധനയും തിരച്ചിലും കർശനമാക്കിയിട്ടുണ്ട്.