ലത്തീഫ് ഭട്ട്
ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റവും കുപ്രസിദ്ധനായ ലഷ്കർ ഇ തൊയ്ബ ഭീകരരിലൊരാളായ ലത്തീഫ് ഭട്ട് കശ്മീർ താഴ്വരയിൽ സജീവമായിരുന്ന ഏക പ്രാദേശിക ലഷ്കർ ഭീകരനായിരുന്നുവെന്ന് റിപ്പോർട്ട്. 'എ കാറ്റഗറി' വിഭാഗത്തിൽപ്പെട്ട ഭീകരനായ ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ച കുൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടത്. ലഷ്കറിൽ ചേർന്ന് കൃത്യം ഒരു വർഷം തികയുന്ന ദിവസമാണ് ഭട്ടിന്റെ അന്ത്യം.
ആരാണ് 'എ കാറ്റഗറി' ഭീകരർ?
ഭീകരപ്രവർത്തനങ്ങളിലും ആക്രമണങ്ങളിലും സജീവമായി പങ്കെടുത്തിട്ടുള്ളവരെയാണ് സുരക്ഷാ ഏജൻസികൾ 'എ കാറ്റഗറി' വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ദക്ഷിണ കശ്മീരിലെ കുൽഗാം സ്വദേശിയായ 23കാരനായ ഭട്ടിനെ എ കാറ്റഗറിയിലാണ് സുരക്ഷാസേന ഉൾപ്പെടുത്തിയിരുന്നത്. കുൽഗാം മേഖലയിൽ ലഷ്കറിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഭട്ടായിരുന്നു. ലഷ്കറിന്റെ അനുബന്ധ സംഘടനയായി കണക്കാക്കപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ടുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. കശ്മീർ റെവല്യൂഷണറി ആർമി എന്ന സംഘടനയുമായും ഇയാൾ ബന്ധപ്പെട്ടിരുന്നു.
സുരക്ഷാ ഏജൻസികളുടെ കണക്കുകൾ പ്രകാരം 2025 നവംബർ 18 മുതലാണ് ലത്തീഫ് ഭട്ട് ഭീകരപ്രവർത്തനങ്ങളിൽ സജീവമായത്. കൃത്യം ഒരു വർഷം പിന്നിടുമ്പോൾ 2026 നവംബർ 18ന് സുരക്ഷാസേനയുടെ ഏറ്റുമുട്ടലിൽ ഭട്ട് കൊല്ലപ്പെടുകയായിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാസേന തെരഞ്ഞുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഭീകരരിൽ ഒരാളായിരുന്നു ഭട്ട്. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ദീർഘകാലമായി സുരക്ഷാ ഏജൻസികൾ ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
കുൽഗാമിലെ ഒരു മുസ്ലിം പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാസേന ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പള്ളിക്കുള്ളിൽ നിന്ന് ഇയാൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്തുകൊണ്ടിരുന്നു. ഇതോടെ ഭട്ടിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
ആദ്യം മരപ്പണിക്കാരൻ; പിന്നീട് ഭീകരസംഘടനയിൽ
ഭീകരസംഘടനയിൽ ചേരുന്നതിന് മുൻപ് ലത്തീഫ് ഭട്ട് മരപ്പണിക്കാരനായി ജോലി ചെയ്തിരുന്നു. ഭാനിലെ ഒരു സ്കൂളിൽ എട്ടാം ക്ലാസ് വരെയും അഷ്മുജിയിലെ മറ്റൊരു സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വരെയും പഠിച്ചു. പിന്നീട് ബിരുദപഠനത്തിനായി കുൽഗാമിലെ സർക്കാർ കോളെജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. പഠനം ഉപേക്ഷിച്ചശേഷമാണ് മരപ്പണിയിലേക്ക് തിരിഞ്ഞത്. തുടർന്ന് 2025 നവംബർ 18ന് വീട്ടിൽ നിന്ന് അപ്രത്യക്ഷനായി. അന്നുതന്നെ ലഷ്കർ ഇ തൊയ്ബയിൽ ചേർന്നതായാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.
ലത്തീഫ് ഭട്ടിന്റെ വധം സുരക്ഷാ ഏജൻസികളെ സംബന്ധിച്ചിടത്തോളം നിർണായക നേട്ടമാണ്. ദക്ഷിണ കശ്മീരിൽ ലഷ്കറിന്റെ പ്രാദേശിക കമാൻഡറായി പ്രവർത്തിച്ചിരുന്ന ഇയാൾ നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണെന്നാണ് സംശയിക്കപ്പെടുന്നത്.
ഈ വർഷം ജൂലൈ 22ന് അനന്ത്നാഗിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ലത്തീഫ് ഭട്ടിന്റെ പങ്ക് അന്വേഷിച്ചുവരികയായിരുന്നു. ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ഇയാളുടെ പേര് ഉയർന്നുവന്നിരുന്നു.
സുരക്ഷാസേനയുടെ വലയത്തിൽ നിന്ന് പലതവണ രക്ഷപ്പെട്ടു
ലത്തീഫ് ഭട്ടിനെ പിടികൂടുന്നതിനായി സുരക്ഷാസേന നേരത്തെയും നിരവധി തെരച്ചിലുകൾ നടത്തിയിരുന്നു. 2025 ഡിസംബറിൽ അനന്ത്നാഗിൽ ഇയാളെ പിടികൂടുന്നതിനായി ഓപ്പറേഷൻ നടത്തിയെങ്കിലും സുരക്ഷാസേനയുടെ വലയം ഭേദിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ ശൃംഖലയെക്കുറിച്ചും സഹായികളെക്കുറിച്ചും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹാൻഡ്ലർമാരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിച്ചുനൽകിയത് ആരൊക്കെയാണെന്നും ഇത്രയും കാലം സുരക്ഷാഏജൻസികളുടെ കണ്ണുവെട്ടിച്ച് എങ്ങനെ പ്രവർത്തിച്ചുവെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.