പ്രതിയായ ഹെഡ്കോൺസ്റ്റബിൾ അവദേഷ് കുമാർ സിങ്
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം പുറത്ത്. ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സ്ഥലത്ത് സ്വന്തം കുഞ്ഞിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ചൊവ്വാഴ്ചയാണ് ഹെഡ് കോൺസ്റ്റബിളായ അവദേഷ് കുമാർ സിങ് തന്‍റെ സർവീസ് റൈഫിളായ എകെ 47 ഉപയോഗിച്ച് അസിസ്റ്റന്‍റ് കമാൻഡന്‍റ് ഉൾപ്പെടെയുള്ള നാല് സഹപ്രവർത്തകരെ വെടിവച്ച് കൊന്നത്. ഇതിനു പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ വിവരം പുറത്തുവന്നത്.
ഹിമാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന ബസോഹ്ളിയിലെ മഷ്ക ഗ്രാമത്തിലെ സേവാ-111 ഹൈഡ്രോ ഇലക്‌ട്രിക് പവർ പ്രോജക്റ്റ് സൈറ്റിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അവദേഷ് കുമാറും സിഐഎസ്എഫിൽ തന്നെ ഹെഡ് കോൺസ്റ്റബിളായ ഭാര്യ പൂജ ദേവിയും. വ്യത്യസ്ത ഷിഫ്റ്റുകളിലായിരുന്നു ഇവർക്ക് ജോലി. ദമ്പതികൾ പതിവായി ഇവരുടെ കുഞ്ഞിനെ ജോലി സ്ഥലത്ത് കൊണ്ടുവരുമായിരുന്നു.
എന്നാൽ ജോലി സ്ഥലത്ത് കുഞ്ഞിനെ കൊണ്ടുവരരുതെന്ന് ഇവർക്ക് മേലുദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതേച്ചൊല്ലി പ്രശ്നം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് അസിസ്റ്റന്‍റ് കമാൻഡന്‍റിന് പരാതിയും ലഭിച്ചിരുന്നു. ഇതിൽ പ്രകോപിതനായ അവദേഷ് കുമാർ ഓപ്പറേഷൻസ് വിഭാഗം ഓഫീസിലേക്ക് തോക്കുമായി ചെന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പിന് പിന്നാലെ മറ്റു സിഐഎസ്എഫ് ജവാൻമാർ ചേർന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. 150 വെടിയുണ്ടകളും ഇയാളുടെ പക്കലുണ്ടായിരുന്നു.
അസിസ്റ്റന്‍റ് കമാൻഡന്‍റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്റ്റർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.