23 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ കുടുംബകോടതിയിലേക്ക് മാറ്റി

 
India

യുപിയിൽ ആറ് മാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി

ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 11 കേസുകളിലായാണ് ദ്വിവേദി 23 പേർക്ക് വധശിക്ഷ വിധിച്ചത്

Sarath Nath MS

മുസാഫർനഗർ: ഉത്തർപ്രദേശിൽ ആറ് മാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവി കുമാർ ദ്വിവേദിയെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മുസാഫർനഗറിലെ കുടുംബകോടതിയിലേക്ക് മാറ്റി. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പ്രിസൈഡിങ് ജഡ്ജി ആയിരുന്ന ദ്വിവേദിയെ കുടുംബകോടതിയുടെ അഡിഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചത്.

ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 11 കേസുകളിലായാണ് ദ്വിവേദി 23 പേർക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തന്‍റെ കോടതിയിൽ വിചാരണ നടന്നുകൊണ്ടിരുന്ന 97 കേസുകൾ ഭരണപരമായ ഉത്തരവുകളിലൂടെ പിൻവലിച്ചതിനെ അദ്ദേഹം അടുത്തിടെ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റിൽ അന്നത്തെ ജില്ലാ സെഷൻസ് ജഡ്ജി ബി.കെ. സിങ് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയായിരുന്നു കേസുകൾ മാറ്റിയത്.

ഏകദേശം പത്ത് വർഷം പഴക്കമുള്ള എൻഡിപിഎസ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ 35 പേജുള്ള വിധിന്യായത്തിലും ദ്വിവേദി ഇക്കാര്യം ഉന്നയിച്ചു. വിചാരണ ആരംഭിച്ച കേസുകൾ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഭരണപരമായ ഉത്തരവുകളിലൂടെ പിൻവലിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാർക്ക് വിനിയോഗിക്കാവുന്ന ഭരണപരമായ അധികാരങ്ങളുടെ പരിധിയെക്കുറിച്ചും അദ്ദേഹം ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പുതിയ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായി ശിവകുമാരി ചുമതലയേൽക്കും.