തമിഴ്‌നാട് മുഖ‍്യമന്ത്രി വിജയ്
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ് മാമൻ തങ്ക മോതിരം തിട്ടം പദ്ധതി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 28ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
മുഖ‍്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം മധുരയിൽ വിജയ് പങ്കെടുക്കുന്ന ആദ‍്യ ഔദ‍്യോഗിക പരിപാടിയായിരിക്കും ഇത്. പദ്ധതിയുടെ ആദ‍്യഘട്ട വിതരണത്തിനായി സർക്കാർ 1.28 ലക്ഷം സ്വർണ മോതിരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 2026 ജൂൺ 22നോ അതിനു ശേഷമോ ജനിക്കുന്ന നവജാതശിശുക്കൾക്കാണ് പദ്ധതിയുടെ ആനുകൂല‍്യം ലഭിക്കുക.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും സർക്കാർ, പൊതുജനാരോഗ‍്യ കേന്ദ്രങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ‍്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ടിവികെ സർക്കാർ ഈ പദ്ധതി പ്രഖ‍്യാപിച്ചത്. ഓരോ സ്വർണ മോതിരത്തിനും സീരിയൽ നമ്പറുണ്ടാകും. കൂടാതെ മാറ്റം വരുത്താൻ സാധിക്കാത്ത രീതിയിലായിരിക്കും വിതരണം ചെയ്യുന്നത്.
തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്ക് മാത്രമായിരിക്കും പദ്ധതിയുടെ ആനുകൂല‍്യം ലഭിക്കുന്നത്. ഇതിനു വേണ്ടി പ്രഗ്നൻസി ആൻഡ് ഇൻഫന്‍റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല‍്യുവേഷൻ (പിഐസിഎംഇ) വഴി രജിസ്റ്റർ ചെയ്യുകയും റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്) ഐഡി കൈപ്പറ്റിയിരിക്കണമെന്ന നിബന്ധനയും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
സംസ്ഥാനത്തുടനീളമുള്ള 107 കേന്ദ്രങ്ങൾ മുഖേന ഈ മോതിരങ്ങൾ വിതരണം ചെയ്യും. ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 കുഞ്ഞുങ്ങൾക്കാണ് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങൾ ആശുപത്രി വിടുന്ന സമയത്തായിരിക്കും മോതിരങ്ങൾ വിതരണം ചെയ്യുന്നതെന്ന് സർക്കാർ വ‍്യക്തമാക്കി.