പ്രതീകാത്മക ചിത്രം

 
India

ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു; രണ്ട് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും മുനിസിപ്പൽ കോർപ്പറേഷനെയും വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തുവന്നു

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. നിരവധി പേർ കെട്ടിടത്തിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ഓൾഡ് ഡൽഹിയിലെ ചാവടി ബസാറിൽ വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് സംഭവം.

ചാവടി ബസാർ മെട്രൊ സ്റ്റേഷന് സമീപത്തെ ഗലി സിതാരയിലെ കെട്ടിടമാണ് തകർന്നത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും മുനിസിപ്പൽ കോർപ്പറേഷനെയും വിമർശിച്ച് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തുവന്നു.

രേഖ ഗുപ്തയുടെ സർക്കാരും മുനിസിപ്പൽ കോർപ്പറേഷനും ഡൽഹിയിലെ കെട്ടിടങ്ങളുടെ നിരവധി സുരക്ഷാ ഓഡിറ്റ് നടത്തിയെങ്കിലും ഇപ്പോഴും കെട്ടിടങ്ങൾ തകർന്നുവീഴുന്നത് എന്തുകൊണ്ടാണെന്ന് ഭരദ്വാദ് എക്സിലെ പോസ്റ്റിൽ ചോദിച്ചു. മുൻപ് ഡൽഹി പൊലീസും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും മാത്രമെ കൈക്കൂലി സ്വീകരിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ രേഖ ഗുപ്തയുടെ സർക്കാർ വന്നതിനുശേഷം അഗ്നിരക്ഷാസേനയും റവന്യൂ വകുപ്പിന് കീഴിലുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരും കെട്ടിട ഉടമസ്ഥരിൽ നിന്ന് കൈക്കൂലി വാങ്ങുകയാണെന്നും ഭരദ്വാജ് ആരോപിച്ചു.

വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെയാണ് വീണ്ടും സമാന അപകടമുണ്ടായത്. മിലൻ ഗാർഡൻ മേഖലയിൽ വീടിന്‍റെ ഒന്നാം നില നിർമിക്കുന്നതിനിടെ സ്ലാബ് തകർന്നുവീഴുകയായിരുന്നു. ചന്ദ്രപാൽ (60), വിജയ് കുമാർ (33) എന്നിവരാണ് ഈ അപകടത്തിൽ മരിച്ചത്.