പ്രതീകാത്മക ചിത്രം

 
India

47 വർഷത്തിനിടെ ആദ്യമായി ആളപായമില്ലാത്ത ഒരു വർഷം; ചരിത്രനേട്ടവുമായി സിആർപിഎഫ്

2025 ഒക്റ്റോബറിൽ ജാർഖണ്ഡിലെ പശ്ചിമ സിങ്‌ഭൂം ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അവസാനമായി രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്

Sarath Nath MS

ന്യൂഡൽഹി: 47 വർഷത്തിനിടെ ആദ്യമായി രാജ്യത്ത് സുരക്ഷാ ഓപ്പറേഷനുകൾക്കിടെ ഒരു ഉദ്യോഗസ്ഥന്‍റെ പോലും ജീവൻ നഷ്ടപ്പെടാതെ തുടർച്ചയായി 12 മാസം പൂർത്തിയാക്കി അർധസൈനിക വിഭാഗമായ സിആർപിഎഫ്. ഇടതുപക്ഷ തീവ്രവാദത്തിനെതിരായ കേന്ദ്ര സർക്കാരിന്‍റെ തുടർച്ചയായ നടപടികൾ രാജ്യത്തെ മാവോയിസ്റ്റ് സായുധ പ്രസ്ഥാനത്തെ ഗണ്യമായി ദുർബലപ്പെടുത്തിയ സാഹചര്യത്തിലാണ് സേനയുടെ ഈ നേട്ടം.

2025 ഒക്റ്റോബർ 30നുശേഷം സിആർപിഎഫിന് ആളപായമുണ്ടായിട്ടില്ലെന്ന് സേന വ്യക്തമാക്കി. ഒക്റ്റോബറിൽ ജാർഖണ്ഡിലെ പശ്ചിമ സിങ്‌ഭൂം ജില്ലയിലുണ്ടായ സ്ഫോടനത്തിലാണ് അവസാനമായി രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായത്. ഏരിയ ഡൊമിനേഷൻ ഓപ്പറേഷനിടെ സ്ഫോടനത്തിൽ പരുക്കേറ്റ ഇൻസ്പെക്റ്റർ കൗശൽ കുമാർ മിശ്ര പിന്നീട് മരിച്ചു. ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലഷ്കറും ഇതേ സംഭവത്തിൽ കൊല്ലപ്പെട്ടു. 2024ൽ ഛത്തീസ്ഗഢ്, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ ഓപ്പറേഷനുകൾക്കിടെ 12 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായിരുന്നു.

12 മാസം തുടർച്ചയായി ഓപ്പറേഷനുകൾക്കിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത് സേനയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണെന്ന് സിആർപിഎഫ് ഡയറക്റ്റർ ജനറൽ ജി.പി. സിങ് പറഞ്ഞു. 1979 ജനുവരിയിൽ അവസാനിച്ച കാലയളവിലാണ് ഇതിനുമുൻപ് സമാനമായ നേട്ടം കൈവരിച്ചത്.

ആധുനിക ഉപകരണങ്ങളുടെ ലഭ്യത, മെച്ചപ്പെട്ട പരിശീലനം, തന്ത്രപരമായ ആസൂത്രണം, അപകടങ്ങൾക്കുശേഷമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് ജി.പി. സിങ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. പരുക്കേറ്റവരെ അതിവേഗം വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലേക്ക് മാറ്റുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. രാജ്യത്തെ പ്രധാന സുരക്ഷാ മേഖലകളിലെല്ലാം സേന സജീവമായി വിന്യസിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസ്റ്റ് സായുധ പ്രസ്ഥാനം ദുർബലം

ഇടതുപക്ഷ തീവ്രവാദത്തിനെതിരായ കേന്ദ്ര സർക്കാരിന്‍റെ തുടർച്ചയായ നടപടികൾക്കൊടുവിലാണ് സിആർപിഎഫ് ഈ നേട്ടം കൈവരിച്ചത്. 2026 മാർച്ച് 31നകം രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം അവസാനിപ്പിക്കുമെന്ന ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

2026 മാർച്ച് 30ന് ഇന്ത്യയെ മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ചു. സുരക്ഷാസേനയുടെ വ്യാപകമായ നടപടികൾക്കിടെ നിരവധി മാവോയിസ്റ്റുകൾ കീഴടങ്ങുകയും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും അറസ്റ്റിലാകുകയും ചെയ്തു. 2000കളുടെ മധ്യത്തിൽ നൂറിലധികം ജില്ലകളിൽ ഇടതുപക്ഷ തീവ്രവാദം വ്യാപിച്ചിരുന്ന രാജ്യത്ത് നിലവിൽ ഔദ്യോഗികമായി മാവോയിസ്റ്റ് ബാധിത ജില്ലകളൊന്നുമില്ല. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ അവസാനത്തെ പ്രധാന നേതാവായ മിസിർ ബെസ്രയെ 2026 ജൂലൈ 28ന് ജാർഖണ്ഡിൽ അറസ്റ്റ് ചെയ്തതും സായുധ പ്രസ്ഥാനത്തിന് തിരിച്ചടിയായി.

മാവോയിസ്റ്റ് തീവ്രവാദം ശക്തമായിരുന്ന കാലത്ത് ഏകദേശം 50,000 സിആർപിഎഫ് ഉദ്യോഗസ്ഥരെയാണ് ഇടതുപക്ഷ തീവ്രവാദ ബാധിത മേഖലകളിൽ വിന്യസിച്ചിരുന്നത്. ഇതിൽ 40,000ത്തോളം പേർ ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലായിരുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ബസ്തർ.

പുതിയ വെല്ലുവിളിയായി മണിപ്പൂർ

മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കുറഞ്ഞതോടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ സുരക്ഷാ വെല്ലുവിളികളിലേക്കും സിആർപിഎഫിന്‍റെ ശ്രദ്ധ മാറുകയാണ്. ദീർഘകാലമായി വംശീയ സംഘർഷം തുടരുന്ന മണിപ്പൂരാണ് നിലവിൽ സേന നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.

ബസ്തറിൽ നിന്ന് നിരവധി സിആർപിഎഫ് ബറ്റാലിയനുകളെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലേക്ക് പുനർവിന്യസിച്ചിട്ടുണ്ട്. നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ സേനാംഗങ്ങളെ അയക്കുന്ന കാര്യവും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.