സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ

 
India

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ; ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥിരം, താത്ക്കാലിക ജീവനക്കാരെന്ന വ്യത്യാസമില്ലാതെ എല്ലാ സർക്കാർ ജീവനക്കാരും ഇതിൽ രജിസ്റ്റർ ചെയ്ത് ഹാജർ രേഖപ്പെടുത്തണമെന്നത് നിർബന്ധമാണെന്ന് സർക്കുലറിൽ പറയുന്നു

Sarath Nath MS

ഗാങ്ടോക്: സിക്കിമിലെ സർക്കാർ വകുപ്പുകളിൽ ഒക്റ്റോബർ ഒന്ന് മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കും. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 22ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ആദ്യഘട്ടത്തിൽ സംസ്ഥാന ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലുമാണ് സംവിധാനം നടപ്പാക്കുക. തുടർന്ന് സംസ്ഥാനത്താകെ വ്യാപിപ്പിക്കും.

ഹാജർ രേഖപ്പെടുത്താത്തത് അസാധാരണ അവധിയായി കണക്കാക്കുകയും ശമ്പളത്തിൽ നിന്ന് തുക സ്വമേധയാ കുറയ്ക്കുകയും ചെയ്യും.

നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍റർ വികസിപ്പിച്ച ഈ സംവിധാനം ജീവനക്കാരുടെ ആധാർ ഐഡിയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക. ജോലി സ്ഥലത്തിന് സമീപം നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് സ്മാർട്ട്ഫോൺ ഉപയോഗിച്ച് ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ സാധിക്കും.

സ്ഥിരം, താത്ക്കാലിക ജീവനക്കാരെന്ന വ്യത്യാസമില്ലാതെ എല്ലാ സർക്കാർ ജീവനക്കാരും ഇതിൽ രജിസ്റ്റർ ചെയ്ത് ഹാജർ രേഖപ്പെടുത്തണമെന്നത് നിർബന്ധമാണെന്ന് സർക്കുലറിൽ പറയുന്നു. താത്ക്കാലിക ജീവനക്കാർ ഇതു വഴി ഹാജർ രേഖപ്പെടുത്താത്ത പക്ഷം അത് ശമ്പളമില്ലാത്ത അവധിയായി കണക്കാക്കും.

പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എല്ലാ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും അഡീഷനൽ സെക്രട്ടറി പദവിയിൽ കുറയാത്ത റാങ്കിലുള്ള നോഡൽ ഓഫീസർമാരെ നിയമിക്കാൻ നിർദേശിച്ചിട്ടുണ്ട്. സംവിധാനത്തിന്‍റെ പ്രവർത്തനം സംബന്ധിച്ച് ഇവർക്ക് നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ പരിശീലനം നൽകും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 40 ലക്ഷം രൂപ സമ്മാനിച്ച് അങ്കമാലിക്കാരൻ

17കാരിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല എഐ വീഡിയോ; യുവാവിനെതിരേ കേസ്

ഏഷ‍്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം; കൗമാര താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും