സൗരഭ് ഭരദ്വാജ്
ന‍്യൂഡൽഹി: ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. സ്കൂളിൽ പോകുന്ന കുട്ടികളിൽ പനി, ചുമ, പോലുള്ള ലക്ഷണങ്ങൾ കാണാമെന്നും അവ മൂലം ബുദ്ധിമുട്ടുകയാണെന്നും എച്ച് 1 എൻ1 ആണിതെന്ന് ചിലർ പറയുന്നുവെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
സ്ഥിതിഗതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സൗരഭ് പറയുന്നത്. പൊതുജനങ്ങളിൽ അവബോധവും ആശുപത്രികളിൽ ആവശ‍്യത്തിന് മരുന്നുകളുടെ ലഭ‍്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. വലിയൊരു പകർച്ചവ‍്യാധിയാണിതെന്നും കൊറോണ പോലെ പടരുമെന്നും സൗരഭ് പറഞ്ഞു.
കുടുംബാംഗങ്ങളിൽ ഒരാൾക്ക് ബാധിച്ചാൽ എല്ലാവരും രോഗികളാകുമെന്നും സൗരഭ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എച്ച്1 എൻ 1 കേസുകൾ കൂടിവരുന്ന സാഹചര‍്യത്തിൽ വെള്ളിയാഴ്ച കേന്ദ്ര ആരോഗ‍്യമന്ത്രി ജെ.പി. നദ്ദ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഡൽഹിയിൽ മാത്രമായി ഈ വർഷം 1,777 പന്നിപ്പനി കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.