അഭിജീത് ദീപ്കെ

 
India

"പിണറായി സർക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെ": അഭിജിത് ദീപ്കെ

ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയാനാണ് എസ്ഐആർ കൊണ്ടുവന്ന് വോട്ടുകൾ വെട്ടിയത്

MV Desk

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരേ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ. ബിജെപിയെ എതിർക്കുന്നവരുടെ വോട്ടവകാശം എടുത്തുകളയാനാണ് എസ്ഐആർ കൊണ്ടുവന്ന് വോട്ടുകൾ വെട്ടിയത്. നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അഭിജിത് പറഞ്ഞു. ഇത്തരത്തിൽ വോട്ടുകൾ വെട്ടിയാണ് പിണറായി വിജയൻ സർക്കാരിനെ ഉൾപ്പടെ താഴെയിറക്കിയതെന്നും ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ നടന്ന ജനകീയ ട്രൈബ്യൂണലിൽ അഭിജിത് ദീപ്കെ പറഞ്ഞു.

2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് കിട്ടുമെന്ന് വിചാരിച്ച ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപിയും പ്രതിപക്ഷവും തമ്മിൽ രണ്ട് ശതമാനത്തിന്‍റെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റാൻ ബിജെപി തീരുമാനിച്ചത് ഈ തിരിച്ചടിയോടെയാണ് എന്നാണ് അഭിജിത് പറയുന്നത്. ഇന്ത്യയിൽ ഉടനീളം 13 കോടി വോട്ടുകൾ വെട്ടിമാറ്റി. കർണാടകയിൽ ഏകദേശം ഒരു കോടി വോട്ടുകളാണ് വെട്ടിയത്. മോദി തരംഗത്തിൽ പോലും വിജയിക്കാൻ പറ്റാത്ത സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചത് ഇത്തരം വെട്ടിമാറ്റലുകളിലൂടെയാണ് എന്നാണ് അഭിജിത് പറയുന്നത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഒരു മണ്ഡലത്തിൽ 50,000 വോട്ടുകൾ വെട്ടിമാറ്റി. അവിടെ അവർ 15,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അരവിന്ദ് കെജ്രിവാളിന്റെ മണ്ഡലത്തിൽ ഏകദേശം 40,000 വോട്ടുകളും, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഒരു മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടുകളും വെട്ടിമാറ്റി. കേരളത്തിലും ഇത്തരത്തിൽ വെട്ടിമാറ്റലിലൂടെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കി. ഈ നാലുനേതാക്കളും 2024ലെ തെരഞ്ഞെടുപ്പിൽ മോദിക്കെതിരേ പ്രചാരണം നടത്തുകയും ബിജെപിയുടെ ഭൂരിപക്ഷം തടയാൻ സഹായിച്ചവരുമാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു.