അശുതോഷ് റങ്ക, സൗരവ് ദാസ്, അഭിജീത് ദിപ്കെ

 
India

അഭിജീത് ദിപ്‌കെ പുറത്തിറങ്ങി; സൗരവ് ദാസും അശുതോഷ് റങ്കയും ജയിലിൽ തുടരുന്നത് എന്തുകൊണ്ട്?

വെള്ളിയാഴ്ച നടന്ന 'ലഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നതിനു മുൻപുതന്നെ അഭിജീത്തിനെ കസ്റ്റഡിയിലെടുത്തതാണ് ജയിലിലേക്ക് പോകാതിരിക്കാൻ അദ്ദേഹത്തെ തുണച്ചത്

Sarath Nath MS

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ വിട്ടയച്ചപ്പോൾ സഹപ്രവർത്തകരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിലിൽ തുടരുന്നതിന് കാരണം പ്രതിഷേധത്തിൽ ഇരുവരും നേരിട്ട് പങ്കെടുത്തതാണെന്ന് അധികൃതർ. വെള്ളിയാഴ്ച നടന്ന 'ലഹ്റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാൻ എത്തുന്നതിനു മുൻപുതന്നെ അഭിജീത്തിനെ കസ്റ്റഡിയിലെടുത്തതാണ് ജയിലിലേക്ക് പോകാതിരിക്കാൻ അദ്ദേഹത്തെ തുണച്ചത്.

ശനിയാഴ്ചയാണ് അഭിജീത്തിനെ ജാമ്യത്തിൽ വിട്ടയച്ചത്. സമാധാനം പാലിക്കുമെന്ന ഉറപ്പിനൊപ്പം 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അദ്ദേഹത്തോട് നിർദേശിച്ചിരുന്നു. പുറത്തിറങ്ങിയശേഷം ജയിലിൽ കഴിയുന്ന സഹപ്രവർത്തകരുടെ ചിത്രം പങ്കുവച്ച അഭിജീത്, 'ഇനി എന്‍റെ സഹോദരങ്ങൾ പുറത്തിറങ്ങുന്നതും കാത്തിരിക്കുന്നു' എന്ന് എക്സിൽ കുറിച്ചിരുന്നു.

ജന്തർ മന്തറിൽ പൊലീസ് നിർദേശങ്ങൾ ലംഘിച്ച് പ്രവേശിക്കുകയും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരുടെയും കസ്റ്റഡി ഒക്റ്റോബർ 18ന് അവസാനിക്കും.

മൂവർക്കുമെതിരേ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. കുറ്റകൃത്യം തടയുന്നതിനായി മുൻകരുതൽ അറസ്റ്റ് നടത്താൻ 170-ാം വകുപ്പ് പൊലീസിന് അധികാരം നൽകുന്നുണ്ട്. സമാധാനം പാലിക്കുന്നതിനായി ബോണ്ട് ആവശ്യപ്പെടാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ അനുവദിക്കുന്നതാണ് 126ാം വകുപ്പ്.

ഒക്റ്റോബർ 14ന് സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കുമൊപ്പം മറ്റൊരു സിജെപി പ്രവർത്തകനായ അജിങ്ക്യ ഷിൻഡെയെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ആറ് മാസത്തേക്ക് സമാധാനം പാലിക്കുമെന്ന വ്യവസ്ഥയിൽ 5,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരന്‍റെ ഉറപ്പും നൽകിയ ഷിൻഡെയെ വിട്ടയച്ചു. എന്നാൽ, നിയമം വീണ്ടും ലംഘിക്കാനും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

മുൻപ് ഒക്റ്റോബർ 10ന് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തപ്പോൾ സൗരവ് ദാസും അശുതോഷ് റങ്കയും ഒരു വർഷത്തേക്ക് 50,000 രൂപയുടെ സമാധാന ബോണ്ട് ഒപ്പിട്ടിരുന്നു. ഇത് ലംഘിച്ച് വീണ്ടും നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നാണ് പൊലീസിന്‍റെ ആരോപണം. അഭിജീത്തിനെയും ഒക്റ്റോബർ 10ന് ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് അദ്ദേഹവും ഒരു വർഷത്തെ ബോണ്ട് ഒപ്പിട്ടിരുന്നു.