സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റങ്ക
ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയതിന് ജുഡീഷ‍്യൽ കസ്റ്റഡിയിലായ സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ.
സൗരവ് ദാസും അഷുതോഷ് റങ്കയും തന്നെക്കാൾ മികച്ച നേതാക്കൾ മാത്രമല്ല തന്നെക്കാൾ വളരെ വലിയ നേതാക്കളാണെന്ന് ദിപ്കെ എക്സിൽ കുറിച്ചു. ''എന്‍റെ നേതാക്കളെ, നിങ്ങളുടെ നിർദേശങ്ങൾ അനുസരിക്കുന്നതിൽ സന്തോഷമേയുള്ളൂ''. അഭിജീത് എക്സിലെഴുതി. സ്പെഷ‍്യൽ എക്സിക‍്യൂട്ടീവ് മജിസ്ട്രേറ്റാണ് സിജെപി നേതാക്കളായ അശുതോഷ് റങ്കയ്ക്കും സൗരവ് ദാസിനും ജാമ‍്യം അനുവദിച്ചത്.
ഏഴ് ദിവസത്തിനു ശേഷമാണ് ഇരുവരും ജയിൽ മോചിതരാവുന്നത്. കസ്റ്റഡിയിൽ വേണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബോണ്ട് കെട്ടിവെക്കണമെന്നും സമരത്തിൽ പങ്കെടുക്കരുതെന്നുമാണ് വ്യവസ്ഥ.