അഭിജീത് ദിപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത്തിനെ വിമാനത്തിനകത്ത് കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജീത്തിനൊപ്പം മറ്റു പ്രമുഖ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയും വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതോടെ സിജെപിയുടെ പ്രധാന നേതാക്കളെല്ലാം കസ്റ്റഡിയിലായി.
മുംബൈയിൽ നിന്ന് അഭിജീത്, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ഒരേ വിമാനത്തിലാണ് എത്തിയത്. വിമാനം ലാൻഡ് ചെയ്തിന് പിന്നാലെ പൊലീസ് സംഘം വിമാനത്തിൽ ഇരച്ചുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിജീത് എത്തുന്ന വിവരമറിഞ്ഞ് വിമാനത്താവളത്തിൽ വൻ തോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
സിജെപി സമരത്തിൽ പങ്കെടുക്കാൻ എത്തിയ പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ധ്രുവ് റാത്തിയെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുഗ്രാമിലെ വീട്ടിൽ കയറി അമ്മയുടെ മുൻപിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്.