കോൺഗ്രസ് വക ഗുജറാത്തിലെ ഒമ്നി വാൻ, ബിജെപി വക ഇറ്റലിയിലെ ബാർ ഡാൻസ്; 80s ട്രെൻഡിൽ രാഷ്ട്രീയ പോര്
ന്യൂഡൽഹി: ചാറ്റ് ജിപിടിയുടെ 80s വൈബ് എഐ ചിത്രങ്ങളുടെ ട്രെൻഡ് രാഷ്ട്രിയ പോരാട്ടത്തിന് ആയുധമാക്കി കോൺഗ്രസും ബിജെപിയും. 80 കളിൽ ഫിലിം ക്യാമറകളിൽ എടുത്ത രീതിയിലുള്ള ഫോട്ടോകൾ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും പീയൂഷ് ഗോയലുമടക്കം പരീക്ഷിച്ചത് വൈറലായിരുന്നു.
'80കളിലെ ഗുജറാത്ത് തെരുവ്' എന്ന അടിക്കുറിപ്പോടെ മാരുതി സുസുകി ഓമ്നി വാനിലിരിക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് പോരിന് തുടക്കമിട്ടത്. സിനിമകളിൽ സ്ഥിരമായി തട്ടിക്കൊണ്ടുപോകാനുപയോഗിക്കുന്ന ഗുണ്ടകളുടെ വാഹനം എന്ന രീതിയിൽ ട്രോളുകളിൽ പ്രശസ്തമായ ഈ വാൻ കാണിച്ച് ബിജെപിയെ പരിഹസിക്കുകയായിരുന്ന കോൺഗ്രസ് ലക്ഷ്യം. ചിത്ര പശ്ചാത്തലത്തിലെ ചുമരിലുണ്ടായിരുന്ന പോസ്റ്ററിൽ ‘ഡൽഹിയിലാണ്, ദയവായി ചിരിക്കൂ’ എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നതും കാണാം.
പിന്നാലെ മറ്റൊരു ചിത്രവുമായി തെലങ്കാന ബിജെപിയുമെത്തി. ബാറിൽ നൃത്തംചെയ്യുന്ന ഒരു സ്ത്രീയുടെ ചിത്രം ‘ലൂസിയാന, ഇറ്റലി, 1970-കൾ’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി പങ്കുവെച്ചത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജന്മസ്ഥലമാണ് ലൂസിയാന. ഇത്തരത്തിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയ പാർട്ടികളും ട്രെൻഡിനൊപ്പം മുന്നേറുകയാണ്.