ഡൽഹിയിൽ 39.5 ഏക്കർ കായിക സമുച്ചയത്തിന്റെ ഭൂമി കേന്ദ്രത്തിന് കൈമാറി വ്യോമസേന
ന്യൂഡൽഹി: ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള 39.5 ഏക്കർ ഭൂമി ഇന്ത്യൻ വ്യോമസേന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കൈമാറി. കായിക സമുച്ചയം, നീന്തൽക്കുളം തുടങ്ങി വിവിധ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഭൂമിയാണ് കൈമാറിയത്.
ഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് (എൽ ആൻഡ് ഡി ഒ) നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഭൂമിയുടെ അതിർത്തികൾ നിർണയിക്കാൻ പ്രതിരോധ എസ്റ്റേറ്റ് ഓഫീസിലെയും എൽ ആൻഡ് ഡി ഒയിലെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
ഡൽഹി റേസ് ക്ലബ്ബിനും ജയ്പൂർ പോളോ ഗ്രൗണ്ടിനും സമീപമാണ് കായിക സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ ഭൂമിയും തിരിച്ചുപിടിക്കാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ലോക് കല്യാൺ മാർഗിന് സമീപമുള്ള പ്രധാന ഭൂമികൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
53 ഏക്കറിൽ പ്രവർത്തിച്ചിരുന്ന ഡൽഹി റേസ് ക്ലബ്ബിനെ പൊതുആവശ്യത്തിനായി ഭൂമി വേണമെന്ന കാരണം ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഒഴിപ്പിച്ചിരുന്നു. ഇന്ത്യ പോളോ അസോസിയേഷന്റെ കൈവശമുണ്ടായിരുന്ന ജയ്പൂർ പോളോ ഗ്രൗണ്ടും വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുപിടിച്ചു. 27 ഏക്കറിൽ പ്രവർത്തിക്കുന്ന ഡൽഹി ജിംഖാന ക്ലബ്ബിനെ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായി ഭൂമി ആവശ്യമാണെന്നാണ് അധികൃതരുടെ വിശദീകരണം. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്.