സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഒക്റ്റോബർ 24 വരെ റദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്റ്റോബർ 24 വരെ റദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമ്മാം നഗരങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവച്ചത്.
പ്രാദേശിക സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങളും ഇളവുകളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യ സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ ഒക്റ്റോബർ 20 വരെയും എയർ ഇന്ത്യ എക്സ്പ്രസ് ഒക്റ്റോബർ 17 വരെയും റദാക്കിയിരുന്നു. എന്നാൽ സാഹചര്യങ്ങൾ വീണ്ടും വഷളായതോടെയാണ് റദാക്കൽ നീട്ടിയത്.
ഇൻഡിഗോയും ആകാശ എയറും നേരത്തെ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദാക്കുന്നതായി അറിയിച്ചിരുന്നു. ഇൻഡിഗോ ഒക്റ്റോബർ 24 വരെ സർവീസുകൾ റദാക്കിയപ്പോൾ, റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 24 വരെയും ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്റ്റോബർ 21 വരെയും നിർത്തിവയ്ക്കുമെന്ന് ആകാശ എയർ അറിയിച്ചു.
സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ ആക്രമണം നടത്തിയതിനെ തുടർന്നാണ് പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചത്.