സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ റദാക്കൽ ഒക്റ്റോബർ 20 വരെ നീട്ടി എയർ ഇന്ത്യ

 

file photo

India

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഒക്റ്റോബർ 20 വരെ നീട്ടി എയർ ഇന്ത്യ

യെമനിലെ ഹൂതികൾ സൗദി അറേബ്യയ്ക്കുനേരെ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് തീരുമാനം

Sarath Nath MS

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദാക്കൽ ഒക്റ്റോബർ 20 വരെ നീട്ടിയതായി എയർ ഇന്ത്യ അറിയിച്ചു. യെമനിലെ ഹൂതികൾ സൗദി അറേബ്യയ്ക്കുനേരെ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് തീരുമാനം.

നേരത്തേ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒക്റ്റോബർ 17 വരെ സർവീസുകൾ റദാക്കിയിരുന്നു. നിലവിൽ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ഒക്റ്റോബർ 20 വരെ റദാക്കിയതായി കമ്പനി എക്സിലൂടെ അറിയിച്ചു.

സാഹചര്യത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനായി സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സർവീസ് റദാക്കിയതുമൂലം ബാധിക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകുമെന്നും കമ്പനി അറിയിച്ചു.

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ റദാക്കൽ ഒക്റ്റോബർ 24 വരെ നീട്ടിയതായി ഇൻഡിഗോ വ്യാഴാഴ്ച അറിയിച്ചിരുന്നു. മധ്യപൂർവദേശത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 24 വരെയും ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 21 വരെയും നിർത്തിവച്ചതായി ആകാശ എയറും വ്യാഴാഴ്ച അറിയിച്ചു.

സൗദി അറേബ്യയിലെ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്നാണ് മേഖലയിൽ സംഘർഷം വർധിച്ചത്. റിയാദ് വിമാനത്താവളത്തിനുനേരെയും ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.