ബിഹാറിൽ വിദ്യാർഥി സമരത്തിനെതിരേ എകെ 47 ഉപയോഗിച്ച് വെടിവയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
പറ്റ്ന: ബിഹാറിൽ ഭോജ്പൂർ, സിവാൻ എസ്‌പിമാർ ഉൾപ്പെടെ 18 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വിവാദമായ പൊലീസ് നടപടികൾക്കു പിന്നാലെയാണ് ഈ അഴിച്ചുപണി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധമായ വിജ്ഞാപനം പുറത്തിറക്കിയത്.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരം ബിഹാറിലേക്കും വ്യാപിച്ചപ്പോഴായിരുന്നു ഏറ്റവും വിവാദമായ സംഭവം. സിവാനിൽ വിദ്യാർഥികളുടെ സമരത്തിനിടെ എകെ-47 തോക്ക് ഉപയോഗിച്ചത് രാജ്യം മുഴുവൻ ചർച്ച ചെയ്തു. സംഭവസമയത്ത് ജില്ലയുടെ ചുമതലയുണ്ടായിരുന്ന സിവാൻ എസ്‌പി പൂജൻ കുമാർ ഝായും സ്ഥലം മാറ്റം കിട്ടിയവരിൽ ഉൾപ്പെടുന്നു.
പ്രാദേശിക പ്രവർത്തകനായ ഭരത് തിവാരിയുടെ ഏറ്റുമുട്ടൽ കൊലപാതകത്തെത്തുടർന്ന് പ്രതിഷേധങ്ങൾ നേരിട്ട ഭോജ്പൂർ എസ്‌പി രാജിനെയും സ്ഥലംമാറ്റി.
ഭരത് സോനിയെ പുതിയ സിവാൻ എസ്‌പിയായും, അവധേഷ് ദീക്ഷിതിനെ ഭോജ്പൂർ എസ്‌പിയായും, ഹൃദയ് കാന്തിനെ നളന്ദ എസ്‌പിയായും നിയമിച്ചു.
റൊതാസ് എസ്‌പി റോഷൻ കുമാറിനെ സരൺ എസ്‌എസ്‌പിയായി നിയമിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ടെക്നിക്കൽ സർവീസസ് ഡിഐജി അനിൽ കുമാർ, വിജിലൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡിഐജി മൃത്യുഞ്ജയ് കുമാർ ചൗധരി എന്നിവരുൾപ്പെടെയുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും വിവിധ തസ്തികകളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.