മുറസു ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞ് കാണാതായ 11 രക്ഷാപ്രവർത്തകരെയും രക്ഷപ്പെടുത്തി

 
India

മുറസു ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞ് കാണാതായ 11 രക്ഷാപ്രവർത്തകരെയും രക്ഷപ്പെടുത്തി

ദേശീയ ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും ചേർന്ന് രാത്രി മുഴുവൻ നീണ്ടുനിന്ന ശക്തമായ തിരച്ചിലിനൊടുവിൽ 11 രക്ഷാപ്രവർത്തകരെയും കാണാതായ 5 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കരക്കെത്തിച്ചു

Namitha Mohanan

ഖമ്മം: മുറസു ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ തെലങ്കാനയിൽ കാണാതായ 11 രക്ഷാപ്രവർത്തകരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലുള്ള ബേത്തുപള്ളി തടാകത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തനിവാരണ സേനയുടെ ബോട്ടുകൾ മറിഞ്ഞത്.

തടാകത്തിൽ കുടുങ്ങിയ 5 മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായാണ് എസ്ഡിആർഎഫ് സംഘം 2 ബോട്ടുകളിലായി പോയത്. ചുഴലിക്കാറ്റിന്‍റെ ഫലമായി പെയ്ത മഴയെ തുടർന്ന് ഒഴുക്ക് ശക്തമായതോടെയാണ് ബോട്ട് മറിഞ്ഞത്. 10 രക്ഷാപ്രവർത്തകരും ഒരു പ്രാദേശിക സ്വദേശിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

ദേശീയ ദുരന്തനിവാരണ സേനയും (NDRF) ഫയർ ഫോഴ്സും ചേർന്ന് രാത്രി മുഴുവൻ നീണ്ടുനിന്ന ശക്തമായ തിരച്ചിൽ നടത്തി. വ്യാഴാഴ്ച പുലർച്ചെയോടെ കാണാതായ 11 പേരെയും ജീവനോടെയും സുരക്ഷിതമായും കരയ്ക്കെത്തിക്കുകയായിരുന്നു. തടാകത്തിന് നടുവിലെ മൺതിട്ടയിൽ കുടുങ്ങിപ്പോയ അഞ്ച് മത്സ്യത്തൊഴിലാളികളെയും എൻഡിആർഎഫ് സംഘം സുരക്ഷിതമായി രക്ഷപെടുത്തിയിട്ടുണ്ട്.

204 മില്ലിമീറ്റർ മുതൽ 235 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് തെലങ്കാനിയിൽ ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോവരുതെന്ന് കർശന നിർദേശമുണ്ട്. അതിശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.