കശ്മീരിൽ പാക് ഷെല്ലിങ്ങിൽ തകർന്ന കെട്ടിടം
ന്യൂഡൽഹി: പാക് ആക്രമണങ്ങളെ ചെറുക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി ഇന്ത്യ. സുദർശനം, സ്പൈഡർ, ആകാശ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ സജീവമാണ്. ചണ്ഡിഗഡിലും ഹരിയാനയിലെ അംബാലയിലും ആക്രമണ മുന്നറിയിപ്പ് നൽകിക്കൊണ്ട് അപായ സൈറണുകൾ മുഴങ്ങിയിരുന്നു. നിലവിൽ പഞ്ചാബും ചണ്ഡിഗഡും സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ പാക് ആക്രമണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യ മിസൈൽ പ്രതിരോധം ശക്തമാക്കിയത്.
അതിർത്തി മേഖലകളിലെയും വിമാനത്താവളങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജമ്മു അന്താരാഷ്ട്ര അതിർത്തി വഴി ഭീകരർ നുഴഞ്ഞു കയറാൻ നടത്തിയ ശ്രമം തകർത്തുവെന്ന് ബിഎസ്എഫ് സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം വിളിച്ചു ചേർത്തത്.
അതിർത്തികളിലെ സാഹചര്യങ്ങൾക്കു പുറമേ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അമിത് ഷാ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ തപൻ ദേക, ബിഎസ്എഫ്, സിഐഎസ്എഫ് , സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ ഡയറക്റ്റർ ജനറൽമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.