അമിത് ഷാ
ലഖ്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയാണ് പരാമർശം.
ഇതിനോടകം രാജ‍്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയിട്ടുണ്ടെന്നു പറഞ്ഞ അമിത് ഷാ, സമാജ്‌വാദി പാർട്ടി അടുത്ത 30 വർഷത്തേക്ക് ഉത്തർ പ്രദേശിൽ അധികാരത്തിലെത്തില്ലെന്ന് പാർട്ടി അധ‍്യക്ഷൻ അഖിലേഷ് യാദവിന് മുന്നറിയിപ്പ് നൽകി.
രാജ‍്യത്തുടനീളം യുസിസി നടപ്പിലാക്കണമെന്ന് നേരത്തെയും ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. യുസിസിയുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്‌ലിം സ്ത്രീകളെയാണെന്നും, ബഹുഭാര‍്യത്വം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പൊതു നിയമം ആവശ‍്യമാണെന്നും അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.