രാംപൂർ സിആർപിഎഫ് ക്യാംപ് ഭീകരാക്രമണക്കേസിലെ പ്രതി വെടിയേറ്റ് മരിച്ചു
ലഖ്നൗ: 2007ലെ രാംപൂർ സിആർപിഎഫ് ക്യാംപ് ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാൾ വെടിയേറ്റ് മരിച്ചു. അലഹബാദ് ഹൈക്കോടതി വധശിക്ഷ റദ്ദാക്കിയ പ്രതി മുഹമ്മദ് ഷരീഫ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഖജുരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.
മകനോടൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുഹമ്മദ് ഷരീഫിന് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ ആരാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
നാല് പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷയും മറ്റൊരു പ്രതിക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരേ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.
2007 ഡിസംബർ 31ന് രാത്രി രാംപൂരിലെ സിആർപിഎഫ് ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ മുഹമ്മദ് ഷരീഫ്, സബാവുദ്ദീൻ, ഇമ്രാൻ ഷഹ്സാദ്, മുഹമ്മദ് ഫാറൂഖ് എന്നിവർക്ക് വധശിക്ഷയും ജംഗ് ബഹാദൂർ ഖാന് ജീവപര്യന്തം തടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഒക്റ്റോബർ 29ന് ഹൈക്കോടതി ഈ വിധി റദ്ദാക്കി.
കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ പ്രതികൾക്കെതിരേ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. അതേസമയം, ആയുധ നിയമത്തിലെ 25 (1-എ) വകുപ്പ് പ്രകാരം അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഇവർക്ക് 10 വർഷം കഠിനതടവ് വിധിച്ചിരുന്നു.