നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ച് ആന്ധ്ര സർക്കാർ; ആരോപണവുമായി ജഗൻ

 
India

നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം പൊളിച്ച് ആന്ധ്ര സർക്കാർ; ആരോപണവുമായി ജഗൻ

ശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ ക്ഷേത്രം പൊളിച്ചു മാറ്റിയത്.

നീതു ചന്ദ്രൻ

അമരാവതി: ആന്ധ്രപ്രദേശിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ജനേയ ക്ഷേത്രം സർക്കാർ പൊളിച്ചുവെന്ന ആരോപണവുമായി വൈ.എസ്. ജ‌ഗൻ മോഹൻ റെഡ്ഡി. തിരുപ്പതി ജില്ലയിലെ ആഞ്ജനേയപുരത്തുള്ള അഭയ ആഞ്ജനേയ ക്ഷേമാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചത്. ഇത്തരത്തിലാണ് സർക്കാർ സനാതന ധർമത്തെ സംരക്ഷിക്കുന്നതെന്നും ജഗൻ പരിഹസിച്ചു. ക്ഷേത്രം ത‌കർക്കുന്നതിന്‍റെ വിഡിയോയും ജഗൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. ദേശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ ക്ഷേത്രം പൊളിച്ചു മാറ്റിയത്.

1400 വർഷങ്ങൾക്കു മുൻപ് പല്ലവ രാജാക്കന്മാരാണ് ക്ഷേത്രത്തിന്‍റെ ഗോപുരവും കുളവും നിർമിച്ചതെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പ്രത്യേകത തിരിച്ചറിഞ്ഞു കൊണ്ട് ബ്രിട്ടിഷ്കാർ അക്കാലത്ത് ക്ഷേത്രത്തിനരികിൽ ഒരു റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചിരുന്നു. എന്നിട്ടും ആന്ധ്ര സർക്കാർ ഒരു പൂജാരിയുടെ പോലും സാന്നിധ്യമില്ലാതെ ക്ഷേത്രം പൊളിച്ചു മാറ്റിയിരിക്കുന്നു.

ദേശീയ പാത വികസനത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ കാറകമ്പാടി പ്രദേശത്തുള്ള നിക്ഷേപകരെ സംരക്ഷിച്ചു, എന്നാൽ ക്ഷേത്രത്തെ ബലി കഴിച്ചു എന്നും വൈഎസ്ആർസിപി നേതാവ് കരുണാകർ റെഡ്ഡി ആരോപിച്ചു. ക്ഷേത്രത്തിന്‍റെ 10 സെന്‍റ് ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. പകരമായി പുതിയ ക്ഷേത്രം നിർമിക്കാൻ 50 സെന്‍റ് സ്ഥലവും 59 ലക്ഷം രൂപയും നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശവാസികൾ, ഭക്തർ, പുരോഹിതർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്തതെന്നും അതു പ്രകാരം പുരോഹിതന്‍റെ സാന്നിധ്യത്തിൽ രണ്ടു ദിവസം മുൻപേ പ്രധാന വിഗ്രഹം മാറ്റി സ്ഥാപിച്ചിരുന്നുവെന്നും സർക്കാർ പറയുന്നു.