റാണ ദഗ്ഗുബാട്ടി
വിശാഖപട്ടണം: സിനിമ, ഡിജിറ്റൽ ഉള്ളടക്കം, ഗെയിമിങ് തുടങ്ങിയ സർഗാത്മക വ്യവസായങ്ങളുടെ കേന്ദ്രമായി വിശാഖപട്ടണത്തെ വികസിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ. ഇതിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് നടനും നിർമാതാവുമായ റാണ ദഗ്ഗുബാട്ടി അറിയിച്ചു. വിനോദമേഖലയെയും കണ്ടന്റ് ക്രിയേറ്റർമാരെയും ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
2026ലെ സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷും റാണ ദഗ്ഗുബാട്ടിയും പങ്കെടുത്ത ലൈവ് പോഡ്കാസ്റ്റിലാണ് പദ്ധതി ചർച്ചയായത്.
സിനിമാ നിർമാണത്തിനുള്ള പരമ്പരാഗത ആനുകൂല്യങ്ങൾക്കപ്പുറം സ്റ്റുഡിയോകൾ, നിർമാണ സൗകര്യങ്ങൾ, പോസ്റ്റ് പ്രൊഡക്ഷൻ സംവിധാനങ്ങൾ, അനുബന്ധ സർഗാത്മക സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ കേന്ദ്രം വികസിപ്പിക്കണമെന്ന് ലോകേഷ് പറഞ്ഞു. വിനോദം, ഡിജിറ്റൽ ഉള്ളടക്കം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനും പ്രതിഭകളെ വളർത്താനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനപരമായ പിന്തുണയും ആന്ധ്രാപ്രദേശ് ഒരുക്കും. സ്റ്റുഡിയോകളുടെയും ഫിലിം സിറ്റിയുടെയും വികസനത്തിലൂടെ ഹൈദരാബാദ് പ്രധാന സിനിമാ നിർമാണ കേന്ദ്രമായി മാറിയ മാതൃകയും ലോകേഷ് ചൂണ്ടിക്കാട്ടി. സർക്കാർ പിന്തുണയും വ്യവസായ മേഖലയിലെ പങ്കാളിത്തവും ഉറപ്പാക്കിയാൽ ആന്ധ്രാപ്രദേശിനും സമാനമായ നേട്ടം കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ നിർദേശത്തോട് പ്രതികരിച്ച റാണ ദഗ്ഗുബാട്ടി, വിശാഖപട്ടണത്ത് വിനോദമേഖലാ ഹബ്ബ് വികസിപ്പിക്കാൻ സംസ്ഥാന സർക്കാരുമായും വ്യവസായ മേഖലയിലെ പങ്കാളികളുമായും സഹകരിക്കുമെന്ന് ഉറപ്പുനൽകി.
ക്രിയേറ്റർ ഇക്കോണമിയുടെ പ്രധാന കേന്ദ്രമായി ആന്ധ്രാപ്രദേശിനെ മാറ്റുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും ഇരുവരും ധാരണയിലെത്തി. വിനോദമേഖലയിലെ നിക്ഷേപങ്ങൾക്കും നിർമാണ അടിസ്ഥാനസൗകര്യങ്ങൾക്കും സർഗാത്മക പ്രതിഭകൾക്കും സാധ്യതയുള്ള കേന്ദ്രമായി വിശാഖപട്ടണത്തെ ഉയർത്തുകയാണ് ലക്ഷ്യം.