അശുതോഷ് നേഗി, അങ്കിത ഭണ്ഡാരി
ന‍്യൂഡൽഹി: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ടാരി കൊലക്കേസിൽ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകനും പ്രധാന ഹർജിക്കാരനുമായ അശുതോഷ് നേഗിക്ക് സിബിഐ സമൻസ് അയച്ചു. സിബിഐ അയച്ച സമൻസിൽ അശുതോഷ് നേഗിയെ ചോദ‍്യം ചെയ്യാൻ തക്കതായ കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.
എന്നാൽ സിബിഐ തന്നെ വേട്ടയാടുകയാണെന്നും കുറ്റകൃത‍്യത്തിൽ ഉൾപ്പെടുന്ന വിഐപികളെ ചോദ‍്യം ചെയ്യുന്നതിന് പകരം അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ നീതി ആഗ്രഹിക്കുന്നവരെയാണ് സിബിഐ ചോദ‍്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഡൽഹിയിലെത്തിയതായും സിബിഐ ആസ്ഥാനത്ത് ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് 2022 മുതൽ ആവശ‍്യപ്പെട്ടുകൊണ്ടിരുന്ന വ‍്യക്തിയാണ് അശുതോഷ് നേഗി. ഈ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഉത്തരാഖണ്ഡ് പൊലീസ് 2024 മാർച്ചിൽ നേഗിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ‍്യത്തിൽ വിടുകയായിരുന്നു.
ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള വനാന്ത്ര റിസോർട്ടിൽ ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്റ്റംബർ 18നാണ് കാണാതാകുന്നത്. പിന്നീട് ദിവസങ്ങൾക്കു ശേഷം കനാലിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു ഇത്. റിസോർട്ട് ഉടമ പുൽകിത് ആര‍്യ അടക്കം മൂന്ന് പേരെ കേസിൽ ജീവപര‍്യന്തത്തിന് ശിക്ഷിച്ചു. പിന്നീട് കേസുമായി ഒരു വിഐപിക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു.
മുൻ ബിജെപി എംഎൽഎ ഊർമിള സനവാർ ഡിസംബറിൽ പുറത്തുവിട്ട ഒരു വിഡിയോയ്ക്ക് പിന്നാലെയാണ് ഈ ആവശ‍്യം ശക്തമായത്. ഗട്ടു എന്ന് വിളിപ്പേരുള്ള വ‍്യക്തിയാണ് വിഐപിയെന്നും ഇത് ദുഷ‍്യന്ത് കുമാറാണെന്നും അവകാശപ്പെടുന്നതായിരുന്നു വിഡിയോ. പ്രതിഷേധങ്ങൾക്കൊടുവിൽ 2026 ജനുവരി 9ന് ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രി പുഷ്കർ സിങ് ധാമി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് സിബിഐ ഫെബ്രുവരി നാലിന് കേസിലെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും എഫ്ഐആറും മറ്റ് രേഖകളും ഏറ്റെടുക്കുകയും തിരിച്ചറിയാത്ത വിഐപിക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ സിബിഐ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.