ഇരയുടെ സ്വകാര‍്യ ചാറ്റുകൾ പുറത്തുവിട്ടു; അങ്കിത ഭണ്ഡാരി കൊലക്കേസിൽ പുൽകിത് ആര‍്യയുടെ പിതാവിനെതിരേ പരാതി

 
India

ഇരയുടെ സ്വകാര‍്യ ചാറ്റുകൾ പുറത്തുവിട്ടു; അങ്കിത ഭണ്ഡാരി കൊലക്കേസിൽ പുൽകിത് ആര‍്യയുടെ പിതാവിനെതിരേ പരാതി

പഹാഡി മഹാസഭയാണ് പൊലീസിൽ പരാതി നൽകിയത്

MV Desk

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിൽ ജീവപര‍്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പുൽകിത് ആര‍്യയുടെ പിതാവിനെതിരേ പൊലീസിൽ പരാതി നൽകി പഹാഡി മഹാസഭ. ഇരയുടെ സ്വകാര‍്യ ചാറ്റുകൾ പുറത്തുവിട്ടെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

പുൽകിത് ആര‍്യയെ രാഷ്ട്രീയ സമ്മർദം മൂലം കേസിൽ കുടുക്കിയതാണെന്നും അങ്കിത കൊല്ലപ്പെട്ടതല്ലെന്നും മറിച്ച് കുടുംബത്തിന്‍റെയും ആൺ സുഹൃത്തിന്‍റെയും പീഡനം മൂലം ആത്മഹത‍്യ ചെയ്തതാണെന്നും പുൽകിത് ആര‍്യയുടെ പിതാവ് വിനോദ് ആര‍്യ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അങ്കിതയും ആൺ സുഹൃത്തും തമ്മിലുള്ള 4000 പേജുകളടങ്ങുന്ന വാട്സാപ്പ് ചാറ്റുകളും ഇയാൾ പുറത്തുവിട്ടിരുന്നു. അവ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു വിനോദ് ആര‍്യയുടെ ആവശ‍്യം. ഇതേത്തുടർന്ന് പഹാഡി മഹാസഭ സംഘടനയുടെ നേതാക്കൾ വിനോദ് ആര‍്യയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.

അങ്കിത ഭണ്ഡാരി ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ മൊത്തം മകളാണെന്നും അങ്കിതയുമായി ബന്ധപ്പെട്ട സംഭവം സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയെന്നും പഹാഡി മഹാസഭ പ്രസിഡന്‍റ് തരുൺ വ‍്യാസ് പറഞ്ഞു. ഇത്തരത്തിൽ ഗൗരവതരമായ കേസിൽ ഇരയുടെ സ്വകാര‍്യ ചാറ്റുകൾ പരസ‍്യപ്പെടുത്തുന്നത് സ്വകാര‍്യതയുടെയും അന്തസിന്‍റെയും ലംഘനമാണെന്നും അങ്കിതയുടെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും വിനോദ് ആര‍്യ കേസ് അന്വേഷണം വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള വനാന്ത്ര റിസോർട്ടിൽ ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്റ്റംബർ 18നാണ് കാണാതാകുന്നത്. പിന്നീട് ദിവസങ്ങൾക്കു ശേഷം കനാലിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ വലിയ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു ഇത്. റിസോർട്ട് ഉടമ പുൽകിത് ആര‍്യ അടക്കം മൂന്ന് പേരെ കേസിൽ ജീവപര‍്യന്തത്തിന് ശിക്ഷിച്ചു. പിന്നീട് കേസുമായി ഒരു വിഐപിക്ക് ബന്ധമുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിക്കുകയായിരുന്നു.

മുൻ ബിജെപി എംഎൽഎ ഊർമിള സനവാർ ഡിസംബറിൽ പുറത്തുവിട്ട ഒരു വിഡിയോയ്ക്ക് പിന്നാലെയാണ് ഈ ആവശ‍്യം ശക്തമായത്. ഗട്ടു എന്ന് വിളിപ്പേരുള്ള വ‍്യക്തിയാണ് വിഐപിയെന്നും ഇത് ദുഷ‍്യന്ത് കുമാറാണെന്നും അവകാശപ്പെടുന്നതായിരുന്നു വിഡിയോ. പ്രതിഷേധങ്ങൾക്കൊടുവിൽ 2026 ജനുവരി 9ന് ഉത്തരാഖണ്ഡ് മുഖ‍്യമന്ത്രി പുഷ്കർ സിങ് ധാമി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. തുടർന്ന് സിബിഐ ഫെബ്രുവരി നാലിന് കേസിലെ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും എഫ്ഐആറും മറ്റ് രേഖകളും ഏറ്റെടുക്കുകയും തിരിച്ചറിയാത്ത വിഐപിക്കെതിരേ കേസെടുക്കുകയും ചെയ്തു. എന്നാൽ സിബിഐ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.