യോഗി ആദിത്യനാഥ്
ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയുടെ പേര് ‘സന്ത് രവിദാസ് നഗർ ഭദോഹി’ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഞായറാഴ്ച ഭദോഹിയിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 1,340 കോടിയിലേറെ രൂപയുടെ 112 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇനി നമ്മുടെ ഭദോഹി ജില്ല സന്ത് രവിദാസ് നഗർ ഭദോഹി എന്ന പേരിലായിരിക്കും അറിയപ്പെടുക”- ആദിത്യനാഥ് പറഞ്ഞു. കാർപെറ്റ് വ്യവസായത്തിന് പേരുകേട്ട ഭദോഹി ജില്ലയെ ഭാവിയിൽ മധ്യകാല സന്യാസിയും ആത്മീയ ഭക്തിയിലൂടെ സമൂഹത്തെ ഒന്നിപ്പിച്ച സത്ഗുരു രവിദാസ് ജി മഹാരാജിന്‍റെ പേരിൽ അറിയപ്പെടുമെന്ന് ഗുരുപൂർണിമ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടിക്കെതിരേ വിമർശനമുന്നയിച്ച ആദിത്യനാഥ്, തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിനും പൈതൃക കേന്ദ്രങ്ങളുടെ സൗന്ദര്യവത്കരണത്തിനും സംരക്ഷണത്തിനുമായി ഇപ്പോൾ ചെലവഴിക്കുന്ന ഫണ്ടുകൾ 2017ന് മുൻപ് ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് ആരോപിച്ചു. പകരം, ശ്മശാനങ്ങളുടെ അതിർത്തി മതിലുകൾ നിർമിക്കുന്നതിന്‍റെ പേരിൽ ഭൂമി കൈയേറാനാണ് അവ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇരട്ട എൻജിൻ’ സർക്കാർ ഈ പ്രവണതയ്ക്ക് തടയിട്ടെന്നും അഴിമതി നിയന്ത്രിച്ചെന്നും മാഫിയകളും അശാന്തിയും നിറഞ്ഞിരുന്ന ഉത്തർപ്രദേശിനെ മാറ്റിമറിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.