അഗ്നിവീറുകളുടെ വിവാഹക്കാര്യത്തിലും ഇളവു നൽകാനൊരുങ്ങി സൈന്യം

 
India

അഗ്നിവീറുകളുടെ വിവാഹക്കാര്യത്തിലും ഇളവു നൽകാനൊരുങ്ങി സൈന്യം

അഗ്നിപഥ് പദ്ധതി നവീകരിക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്നാണ് സൂചന.

നീതു ചന്ദ്രൻ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന അഗ്നിവീറുകളുടെ വിവാഹവുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവു വരുത്താനൊരുങ്ങി സൈന്യം. അടുത്തിടെയാണ് അഗ്നിവീറുകളുടെ സേവന കാലാവധി ആറു വർഷമായി കേന്ദ്രം ഉയർത്തിയത്. ഇതു വരെയും നാല് വർഷമായിരുന്നു അഗ്നിവീറുകളുടെ സേവന കാലാവധി.

ഈ നാലു വർഷക്കാലവും വിവാഹം കഴിക്കാൻ പാടില്ലെന്നായിരുന്നു നിയമം. അഗ്നിപഥ് പദ്ധതി നവീകരിക്കുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്നാണ് സൂചന. റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകളുടെ ശ്രദ്ധ സൈനിക പരിശീലനത്തിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പു വരുത്താനായാണ് വിവാഹത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ ആറു വർഷമായി സേവനപരിധി ഉയർത്തുമ്പോൾ ഈ നിരോധനം പ്രായോഗികമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 17.5 വയസു മുതൽ 21 വ‍യസു വരെയുള്ളവരെയാണ് അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നത്. ആറു വർഷത്തേക്ക് വിവാഹത്തിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ

ഭൂരിഭാഗം പേരും ഇരുപതുകളുടെ മധ്യത്തിൽ എത്തുമ്പോഴും അവിവാഹിതരായി തുടരും. അച്ചടക്കം ഉറപ്പു വരുത്തിക്കൊണ്ടു തന്നെ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് സൈന്യം.