അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗം; സ്ഥലങ്ങളുടെ പേരിടലിന് എതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഔദ്യോഗിക ഇന്ത്യൻ ഭൂപടത്തിൽ അംഗീകൃത പേരുകൾ നൽകിയ നടപടിക്കെതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാകാത്തതുമായ ഭാഗമാണെന്നും ഈ യാഥാർഥ്യത്തിന് മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“അരുണാചൽ ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാകാത്തതുമായ ഭാഗമാണ്. ഇത് സ്വയം വ്യക്തമാകുന്ന വസ്തുതയാണ്. ഈ യാഥാർഥ്യത്തിന് മാറ്റം വരുത്താൻ ഒന്നിനും കഴിയില്ല”- വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈന തുടർച്ചയായി പുതിയ പേരുകൾ നൽകിവരുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്തെ 27 സ്ഥലങ്ങളും ഭൂപ്രദേശങ്ങളും ഔദ്യോഗിക ഇന്ത്യൻ ഭൂപടത്തിൽ അംഗീകൃത പേരുകളിൽ രേഖപ്പെടുത്തിയത്. അരുണാചൽ പ്രദേശിന്‍റെ സർവേ ഓഫ് ഇന്ത്യ ഭൂപടത്തിൽ ഈ സ്ഥലങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങളിൽ അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകുന്ന നടപടിയെ ഇന്ത്യ നേരത്തെയും ശക്തമായി എതിർത്തിട്ടുണ്ട്. ഇത്തരം പേരുമാറ്റങ്ങൾ അസംബന്ധമാണെന്നും ഇതിലൂടെ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന വസ്തുതയ്ക്ക് മാറ്റമുണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ നടപടിയെ തിങ്കളാഴ്ച ചൈന ‘നിയമവിരുദ്ധവും അസാധുവും പ്രാബല്യമില്ലാത്തതുമാണെന്ന്’ വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയുടെ ‘അരുണാചൽ പ്രദേശ്’ എന്ന പേരിലുള്ള പ്രദേശത്തെ ചൈന അംഗീകരിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. 2017 മുതൽ അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിക്കൊണ്ടിരിക്കുകയാണ് ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം. പ്രദേശത്തെ ചൈനയുടെ അവകാശവാദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പേരുകൾ പുറത്തിറക്കുന്നതെന്നാണ് വിലയിരുത്തൽ. ഈ വർഷം ഏപ്രിലിലാണ് ചൈന അവസാനമായി പുതിയ പേരുകളുടെ പട്ടിക പുറത്തുവിട്ടത്.