രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ഇന്ത്യാ സഖ്യ നേതാക്കൾ
ന്യൂഡൽഹി: ജ്ഞാനേഷ് കുമാർ വിഷയത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് ഇന്ത്യാ സഖ്യം. രാഷ്ട്രപതി ഭവനിൽ എത്തിയാണ് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യ നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി. തെരഞ്ഞെടുപ്പ് കമ്മിഷനെതിരേയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ആവശ്യപ്പെട്ടതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു.
അവിശ്വസനീയമായ കൂടിക്കാഴ്ചയാണ് നടന്നത് എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ എന്നിവർ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചതായി രാഷ്ട്രപതിയോട് പറഞ്ഞു. എന്നാൽ തങ്ങൾ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രപതി ഒരുതരത്തിലും നിഷേധിച്ചില്ലെന്നും അവയെ ചോദ്യം ചെയ്യുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. വോട്ട് ചോരിയിൽ തെളിവ് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എസ്പി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കാണാൻ പോയത്.