നിയമസഭാ തെരഞ്ഞെടുപ്പ്; ഇത്തവണ സംസ്ഥാന സന്ദർശനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറില്ല, പകരം ഡെപ്യൂട്ടി കമ്മിഷണർമാർ

 
India

നിയമസഭാ തെരഞ്ഞെടുപ്പ്; ഇത്തവണ സംസ്ഥാന സന്ദർശനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറില്ല, പകരം ഡെപ്യൂട്ടി കമ്മിഷണർമാർ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സന്ദർശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഈ ആഴ്ച മുതൽ സംസ്ഥാനങ്ങൾ സന്ദർശിക്കും. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് സംസ്ഥാനങ്ങളിലെത്തി പ്രാദേശികതലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിക്കുക.

ഈ ആഴ്ച ഗോവയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സംഘം സന്ദർശനം നടത്തുക. അടുത്തയാഴ്ച ഉത്തരാഖണ്ഡും തുടർന്ന് പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളും സന്ദർശിക്കും. ഉത്തർപ്രദേശ് സന്ദർശിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

സാധാരണയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റു കമ്മിഷണർമാരും ഉൾപ്പെടുന്ന മുഴുവൻ തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് സംസ്ഥാനങ്ങൾ സന്ദർശിക്കാറുണ്ട്. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സന്ദർശനം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ജ്ഞാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്‌ബിർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇതുവരെ അതിനു മാറ്റം വന്നിട്ടില്ല. അതിനാൽ മൂന്ന് പേരും ഒരുമിച്ച് സന്ദർശനം നടത്താൻ സാധ്യതയില്ലെന്നാണ് സൂചന.

ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വർഷം മേയ് 22ന് അവസാനിക്കും. മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളുടെ കാലാവധി 2027 മാർച്ചിൽ വിവിധ തീയതികളിലായി അവസാനിക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലും ഗോവയിലും വോട്ടിങ് യന്ത്രങ്ങളുടെയും പേപ്പർ ട്രെയ്ൽ യൂണിറ്റുകളുടെയും ‘ഫസ്റ്റ് ലെവൽ ചെക്ക്’ ആരംഭിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ സാങ്കേതിക തകരാറുകൾ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎൽ) എന്നിവയിലെ എൻജിനീയർമാർ പരിശോധിക്കും. തകരാറുള്ള യന്ത്രങ്ങൾ അറ്റകുറ്റപ്പണിക്കോ മാറ്റിസ്ഥാപിക്കാനോ നിർമാതാക്കൾക്ക് തിരിച്ചയക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക് പോളും നടത്തും.