അബാൻ അഹമ്മദ്, അതിഖ് അഹമ്മദ്

 
India

ഗുണ്ടാത്തലവൻ അതിഖ് അഹമ്മദിന്‍റെ ഇളയ മകനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ വച്ചാണ് വാഹനാപകടമുണ്ടായത്

Aswin AM

ലഖ്നൗ: ഉത്തർപ്രദേശിലെ ഗുണ്ടാത്തലവൻ അതിഖ് അഹമ്മദിന്‍റെ ഇളയ മകൻ അബാൻ അഹമ്മദും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ വച്ചാണ് വാഹനാപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവർ ഝാൻസി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാർ ഡിവൈഡറിൽ ഇടിച്ചതായി പൊലീസിന് വിവരം ലഭിച്ചെന്ന് സീനിയർ പൊലീസ് സുപ്രണ്ട് ബി.ബി.ജി.ടി.എസ് മൂർത്തി മാധ‍്യമങ്ങളോട് പറഞ്ഞു. അബാനൊപ്പം സുഹൃത്തായ 25കാരൻ സോനുവാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

പ്രയാഗ്‌രാജ് സ്വദേശിയായ അബാൻ ജയിലിൽ കഴിയുന്ന സഹോദരങ്ങളെ കാണാൻ വേണ്ടി ഝാൻസിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് സുപ്രണ്ട് കൂട്ടിച്ചേർത്തു.

കാൺപൂരിലെ പൂഞ്ച് പ്രദേശത്ത് വച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതർ വ‍്യക്തമാക്കുന്നത്. UP 70FW2432 എന്ന ഹ‍്യുണ്ടായ് ക്രെറ്റ എസ്‌യുവിയിലാണ് ഇവർ സഞ്ചരിച്ചത്. അസം(28), മുഹമ്മദ് ജാവേദ് (30), മുഹമ്മദ് ഉമർ (24) എന്നിവർക്കാണ് പരുക്കേറ്റത്.

ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി പരിശോധിക്കുമെന്നും ഒരു വന‍്യമൃഗം പെട്ടെന്ന് വാഹനത്തിനു മുന്നിൽ വന്നതാണോ നിയന്ത്രണം നഷ്ടപെടാൻ കാരണം എന്നതും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.അതിഖ് അഹമ്മദിന്‍റെ അഞ്ച് മക്കളിൽ ഏറ്റവും ഇളയതാണ് അബാൻ. സഹോദരങ്ങളായ ഉമറും അലിയുമാണ് ഉത്തർപ്രദേശിലെ വ‍്യത‍്യസ്ത ജയിലുകളിലുള്ളത്.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെരയുകയായിരുന്ന ഇയാളുടെ മറ്റൊരു മകനായ ആസാദ് അഹമ്മദ് 2023 ഏപ്രിലിൽ ഝാൻസിക്ക് സമീപത്തുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2005ൽ നടന്ന ബിഎസ്പി എംഎൽഎ രാജു പാലിന്‍റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ.

അതിഖ് അഹമ്മദിന്‍റെ ഭാര‍്യയായ ഷൈസ്ത പ്രവീണും കൊലപാതകക്കേസിൽ പ്രതിയാണ്. ഇവർ നിലവിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് പറയുന്നത്. 2023 ഏപ്രിൽ 15ന് പ്രയാഗ്‌രാജിലെ ഒരു മെഡിക്കൽ കോളെജിലേക്ക് വൈദ‍്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മാധ‍്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ മൂന്നു പേർ അതിഖ് അഹമ്മദിനു നേരെ വെടിയുതിർത്തത്.

ഇതിന്‍റെ ദൃശ‍്യങ്ങൾ അന്ന് മാധ‍്യമങ്ങൾ പകർത്തിയതിനാൽ ഈ സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അതിഖ് അഹമ്മദിന്‍റെ സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പോയിന്‍റ് ബ്ലാങ്കിൽ അക്രമികൾ 14 റൗണ്ട് വെടിവച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; വിദ്യാർഥി മരിച്ചു, 25 പേർക്ക് പരുക്ക്

കൊച്ചിയിലേക്കുള്ള വിമാനത്തിൽ അടിയന്തര വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

"ഇത്ര പ്രായമായിട്ടും എന്താ മരിക്കാത്തെ, വിഷം തന്നാൽ കുടിക്കുമോ?", മാനന്തവാടിയിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ഇനി ഡിഗ്രി പഠിക്കാൻ പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്