ടൈഗർ ഷ്രോഫ്

 
India

ടൈഗർ ഷ്രോഫിനെതിരായ ആക്രമണം; മൂന്ന് പ്രതികളെ മുംബൈയിൽ എത്തിച്ചു

റോഡ് മാർഗം കൊണ്ടുവന്ന പ്രതികളെ വൈദ്യപരിശോധനയ്ക്കായി ജിടി ആശുപത്രിയിലെത്തിച്ചശേഷം ചോദ്യം ചെയ്യലിനായി മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്സ്റ്റോർഷൻ സെൽ ഓഫീസിലേക്ക് മാറ്റി

Sarath Nath MS

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിൽ അറസ്റ്റിലായ മൂന്ന് പ്രധാന പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ മുംബൈയിൽ എത്തിച്ചു. റോഡ് മാർഗം കൊണ്ടുവന്ന പ്രതികളെ വൈദ്യപരിശോധനയ്ക്കായി ജിടി ആശുപത്രിയിലെത്തിച്ചശേഷം ചോദ്യം ചെയ്യലിനായി മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ആന്‍റി എക്സ്റ്റോർഷൻ സെൽ ഓഫീസിലേക്ക് മാറ്റി.

ഹരിയാനയിലെ സോനിപത് സ്വദേശി റേഹാൻ എന്ന സുക്ക, ബിഹാറിലെ ബെഗുസരായി സ്വദേശിയും മുംബൈ നിവാസിയുമായ ഋതിക് കുർമി എന്ന റോഷൻ, ഹരിയാന സ്വദേശിയായ ഫൂൽ സിങ് എന്നിവരാണ് പ്രതികൾ. കോട്ട സിറ്റി പൊലീസ് മുംബൈ പൊലീസിന് കൈമാറിയ ഇവരെ മുംബൈ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

ഞായറാഴ്ച വൈകീട്ട് മുംബൈയിലെ ജുഹു മേഖലയിലാണ് ടൈഗറിന്‍റെ കാറിനുനേരെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നു. നടൻ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾക്കും പരുക്കേറ്റു. കാറിനുനേരെ അഞ്ചുമുതൽ ആറുവരെ റൗണ്ട് വെടിവച്ചെന്നാണ് പൊലീസിന്‍റെ നിഗമനം. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന ബൈക്ക് അന്ധേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പ്രതികൾ സൂറത്തിലേക്ക് കടന്നശേഷം ജയ്പൂരിലേക്കുള്ള ട്രെയ്നിൽ കയറിയതായും പിന്നീട് ബസിൽ ഡൽഹിയിലെത്തി നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, ആയുധനിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന അനിൽ പണ്ഡിറ്റുമായി റേഹാൻ ബന്ധപ്പെട്ടിരുന്നുവെന്ന് മുംബൈ പൊലീസ് അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നെങ്കിലും അതിന്‍റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്പെഷൽ സെൽ ചൊവ്വാഴ്ച രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്നതായി കരുതുന്ന ഗുണ്ടാസംഘാംഗം അനിൽ പണ്ഡിറ്റിന്‍റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നാണ് പൊലീസിന്‍റെ സംശയം. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്.