13 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ ഓട്ടോ ചാർജ് വർധിപ്പിച്ചു; ടിവികെ സർക്കാരിനോട് നന്ദി പറഞ്ഞ് ഡ്രൈവർമാർ

 
India

13 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ ഓട്ടോ ചാർജ് വർധിപ്പിച്ചു; ടിവികെ സർക്കാരിനോട് നന്ദി പറഞ്ഞ് ഡ്രൈവർമാർ

ആദ‍്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 25 രൂപയുമാണ് പുതുക്കിയ നിരക്ക്

Aswin AM

ചെന്നൈ: 13 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ച് വിജയ് സർക്കാർ. ആദ‍്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 25 രൂപയുമാണ് പുതുക്കിയ നിരക്ക്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ ദീർഘകാല പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും പിന്നാലെയാണ് നിരക്ക് പരിഷ്കരിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു.

നേരത്തെ 2013ലെ നിരക്കുകൾ പ്രകാരം 1.8 കിലോമീറ്ററിന് കുറഞ്ഞത് 25 രൂപയും അതിനു ശേഷമുള്ള അധിക കിലോമീറ്ററിന് 12 രൂപയുമായിരുന്നു. സർക്കാർ നടപടി യാത്രാക്കാരുമായുള്ള അനാവശ‍്യ വിലപേശലുകൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അലങ്കുളം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സുരേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ആവശ‍്യ സാധനങ്ങളുടെ വില വർധനവ്, ഇന്ധന വില വർധനവ്, ആർടിഒ ഫീസുകൾ, ഇൻഷുറൻസ് തുക വർധനവ് എന്നിവ തങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചെന്നും അതിനാൽ പഴയ നിരക്കിൽ തുടരാൻ സാധിക്കില്ലെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

ഓട്ടോ ചാർജ് വർധിപ്പിച്ചതിന് ടിവികെ സർക്കാരിനോട് നന്ദി പറഞ്ഞ ഡ്രൈവർമാർ സ്ത്രീകൾക്ക് സൗജന‍്യ ബസ് യാത്ര നൽകുന്നത് നിയന്ത്രിക്കണമെന്ന് സർക്കാരിനോട് ആവ‍ശ‍്യപ്പെട്ടു. ബസിൽ യാത്രാക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് മൂലം തങ്ങൾക്ക് വരുമാനത്തിൽ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ ഇക്കാര‍്യം ഉന്നയിച്ചത്.

ഉയർന്ന ശമ്പളമുള്ള സർക്കാർ ജീവനക്കാർക്ക് സൗജന‍്യ യാത്രാ നൽകുന്നതിനു പകരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ‍്യം. ഇതുകൂടാതെ നിലവിൽ ആന്ധ്രാപ്രദേശിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 15,000 രൂപയുടെ സബ്സിഡി നൽകുന്നതിന് സമാനമായി ഇവിടെയും 10,000 രൂപ വാർഷിക സബ്സിഡി അനുവദിക്കണമെന്ന് സിഐടിയു ജില്ലാ ട്രഷറർ കനകവേൽ പറഞ്ഞു. തൊഴിലാളി ഷേമ ബോർഡ് മുഖേന 5,000 രൂപ ദീപാവലി ബോണസ് നൽകണമെന്നും സിഐടിയു ആവശ‍്യം ഉന്നയിച്ചു.