ആയുധപൂജ, ദീപാവലി തിരക്ക്; പ്രത്യേക ബസ് സർവീസുകളുമായി തമിഴ്നാട്

 
India

ആയുധപൂജ, ദീപാവലി തിരക്ക്; പ്രത്യേക ബസ് സർവീസുകളുമായി തമിഴ്നാട്, മലയാളികൾക്കും പ്രയോജനകരമാകും

നിലവിൽ പ്രവർത്തനം ആരംഭിച്ച ചെന്നൈയിലെ കിലാംബാക്കം ബസ് ടെർമിനലിന് പുറമേ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി അനുബന്ധ താൽക്കാലിക ടെർമിനലുകളും ഒരുക്കിയിട്ടുണ്ട്

Sarath Nath MS

ചെന്നൈ: ആയുധപൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ബസ് സർവീസുകളുമായി തമിഴ്നാട്. പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷം തമിഴ്നാട് ഗതാഗതമന്ത്രി എ. വിജയ് തമിഴൻ പാർത്തിബൻ ആണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ പ്രവർത്തനം ആരംഭിച്ച ചെന്നൈയിലെ കിലാംബാക്കം ബസ് ടെർമിനലിന് പുറമേ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി അനുബന്ധ താൽക്കാലിക ടെർമിനലുകളും ഒരുക്കിയിട്ടുണ്ട്. പുതുച്ചേരി, കടലൂർ, ചിദംബരം, തിരുച്ചിറപ്പള്ളി, മധുര, തൂത്തുക്കുടി, ചെങ്കോട്ട, തിരുനെൽവേലി, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ പ്രധാന കേന്ദ്രമായി കിലാംബാക്കം തുടരും.

വണ്ടവാസി, വെല്ലൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കായി കിലാംബാക്കത്തിന് സമീപമുള്ള സിഎംഡിഎ ക്ലൈമറ്റ് പാർക്കിലെ തുറസായ സ്ഥലം ഉപയോഗിക്കും. കുംഭകോണം, തഞ്ചാവൂർ, നാഗപട്ടണം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കായി മറൈമലൈ നഗറിൽ താൽക്കാലിക ബസ് സ്റ്റാൻഡ് ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായി ബസുകൾ മാറിക്കയറാൻ കിലാംബാക്കത്തിനും മറൈമലൈ നഗറിനുമിടയിൽ സൗജന്യ എംടിസി ഷട്ടിൽ സർവീസുകളും മിനി ബസുകളും തുടർച്ചയായി സർവീസ് നടത്തും.

കോയമ്പേട് ബസ് ടെർമിനലിൽ നിന്നുള്ള പതിവ് സർവീസുകൾ തുടരും. ഈസ്റ്റ് കോസ്റ്റ് റോഡ്, കാഞ്ചീപുരം, വെല്ലൂർ, ബെംഗളൂരു, തിരുത്തണി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇവിടെ നിന്ന് നടത്തും. ആന്ധ്രാപ്രദേശിലേക്കുള്ള ബസുകൾ പൊന്നേരി, ഉത്തുക്കോട്ടൈ വഴി മാധവരത്ത് നിന്ന് സർവീസ് നടത്തും.

ഉത്സവകാലത്ത് സ്വകാര്യ ദീർഘദൂര ബസുകൾ അമിതനിരക്ക് ഈടാക്കുന്നതായുള്ള പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിശോധനയ്ക്കായി പ്രത്യേക ആർടിഒ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അമിതനിരക്ക് ഈടാക്കുന്നവർക്കെതിരേ പിഴ ചുമത്തുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളും സ്വീകരിക്കും. ഉത്സവകാല യാത്രാനിരക്ക് നിയന്ത്രിക്കുന്നതിനും പരിധി നിശ്ചയിക്കുന്നതിനുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മധുര, തഞ്ചാവൂർ, കുംഭകോണം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് റിസർവ് ചെയ്യാത്ത പ്രത്യേക ട്രെയ്നുകൾ അനുവദിക്കണമെന്ന് ദക്ഷിണ റെയ്ൽവേയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.