പരിപാടിയിൽ നിന്നും
റായ്പുർ: ഛത്തീസ്ഗഡിലെ ദുർഗിൽ നടന്ന ഗർബ പരിപാടിയിൽ മുസ്ലിംകൾ എത്തിയതിനു പിന്നാലെ ബജ്രംഗ്ദൾ പ്രവർത്തകർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പരിപാടി അലങ്കോലമായി. മുസ്ലിം യുവാക്കളുടെ സാന്നിധ്യത്തെ ചൊല്ലി വലതുപക്ഷ സംഘടനയുടെ പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിപാടി നടന്ന വേദിയിൽ ഉന്തും തള്ളും ഉണ്ടാകുകയും ഇതിനിടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ധീരജ് ബക്ലിവാളിനെ തള്ളിയിട്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എൻഎസ്യുഐ പ്രവർത്തകൻ ആദിൽ ഖാൻ പരിപാടിയുടെ വിശദാംശങ്ങളും സൗജന്യ പാസിനെയും പറ്റി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പങ്കുവച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. ബുധനാഴ്ച രാത്രിയോടെ പരിപാടി നടക്കുന്ന വേദിയിലേക്ക് ബജ്രംഗ്ദൾ പ്രവർത്തകരും വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങളും എത്തുകയും തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്നും ആർക്കും പങ്കെടുക്കാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ പരിപാടിയിൽ മുസ്ലിംകൾ പങ്കെടുക്കുന്നതിനെ വിഎച്ച്പിയുടെ രാംലോചൻ തിവാരി എതിർക്കുകയും പ്രവേശന പരിശോധന കൂടുതൽ കർശനമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.