പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയ്നിന്റെ ആദ്യ സർവീസ് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങൾ തമ്മിലുള്ള രാത്രികാല റെയ്ൽ ഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ സർവീസ്.
കർണാടകയ്ക്കുള്ള അടുത്ത വന്ദേഭാരത് സ്ലീപ്പർ ട്രെയ്നും ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുമെന്നും വടക്കൻ കർണാടകയിലെ വിവിധ ഭാഗങ്ങളെ ഹുബ്ബള്ളി വഴി ബന്ധിപ്പിച്ച് പൂനെ, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
16 കോച്ചുകളുള്ള ആദ്യ പ്രത്യേക ട്രെയ്ൻ ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് (എസ്എംവിടി) പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെ 6.15ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ (സിഎസ്എംടി) എത്തും.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, സഹമന്ത്രിമാരായ വി. സോമണ്ണ, ശോഭ കരന്ദ്ലജെ, എംപിമാരായ തേജസ്വി സൂര്യ, പി.സി. മോഹൻ, സി.എൻ. മഞ്ജുനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ രണ്ടിന് മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കും നവംബർ മൂന്നിന് ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കും പതിവ് സർവീസ് ആരംഭിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയ്ൽവേ അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള 27652-ാം നമ്പർ ട്രെയ്ൻ തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാത്രി 7.45ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെ സിഎസ്എംടിയിൽ എത്തും.
മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള 27651-ാം നമ്പർ ട്രെയ്ൻ ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാത്രി 8.10ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിൽ എത്തും.
ഐടി, സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി വന്ദേഭാരത് സ്ലീപ്പർ ബന്ധിപ്പിക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. മികച്ച റെയ്ൽവേ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന വടക്കൻ കർണാടകയിലെ നിരവധി മേഖലകൾക്ക് പുതിയ സർവീസ് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ അനന്തപുർ, ഗുണ്ടക്കൽ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയ്ൻ വീണ്ടും കർണാടകയിൽ പ്രവേശിച്ച് റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടർന്ന് മഹാരാഷ്ട്രയിലെ സോലാപുർ, പൂനെ, കല്യാൺ എന്നിവിടങ്ങൾ പിന്നിട്ടാണ് മുംബൈയിലെത്തുക.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. സോമണ്ണ, കുമാരസ്വാമി എന്നിവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് റൂട്ട് ഏകകണ്ഠമായി തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ആദ്യ പ്രത്യേക സർവീസിന് പതിവ് സർവീസിൽ ഉൾപ്പെടുത്തിയ സ്റ്റേഷനുകൾക്ക് പുറമെ ഹിന്ദുപുർ, ധർമാവരം, ലോണാവാല എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടായിരുന്നു.
എട്ട് മോട്ടോർ കാർ കോച്ചുകളും നാല് ട്രെയ്ലർ കാർ കോച്ചുകളും ഉൾപ്പെടുന്നതാണ് 16 കോച്ചുകളുള്ള ട്രെയ്ൻ. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിൽ സുഖകരമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനൊപ്പം യാത്രാ ബന്ധം മെച്ചപ്പെടുത്താനും പുതിയ സർവീസ് സഹായിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയ്ൽവേ അറിയിച്ചു.