കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

 
India

ബെംഗളൂരു-പുനെ ബുള്ളറ്റ് ട്രെയ്ൻ ഇടനാഴിയും പരിഗണനയിൽ; സൂചന നൽകി റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളി വഴി പുനെയിലേക്കുള്ള ബുള്ളറ്റ് ട്രെയ്ൻ ഇടനാഴി കർണാടകയുടെ വലിയൊരു ഭാഗത്തെ ബന്ധിപ്പിക്കും

Sarath Nath MS

ബെംഗളൂരു: ബെംഗളൂരു–പുനെ ബുള്ളറ്റ് ട്രെയ്ൻ ഇടനാഴി അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കാനിരിക്കുന്ന അതിവേഗ റെയ്ൽ പദ്ധതികളിൽ ഉൾപ്പെട്ടേക്കുമെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വരും വർഷങ്ങളിൽ 3,000 കിലോമീറ്റർ ബുള്ളറ്റ് ട്രെയ്ൻ ഇടനാഴികൾ കൂടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്‍റെ ഉദ്ഘാടന സർവീസ് ഫ്ലാഗ് ഓഫ് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവിൽ നിന്ന് ഹുബ്ബള്ളി വഴി പുനെയിലേക്കുള്ള ബുള്ളറ്റ് ട്രെയ്ൻ ഇടനാഴി കർണാടകയുടെ വലിയൊരു ഭാഗത്തെ ബന്ധിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 4,000 കിലോമീറ്റർ ബുള്ളറ്റ് ട്രെയ്ൻ ഇടനാഴികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ 3,000 കിലോമീറ്റർ കൂടി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ച ദക്ഷിണേന്ത്യൻ ബുള്ളറ്റ് ട്രെയ്ൻ ഇടനാഴി ബെംഗളൂരു, ഹൈദരാബാദ്, അമരാവതി, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് 73 മിനിറ്റിലും ഹൈദരാബാദിലേക്ക് രണ്ട് മണിക്കൂർ പത്ത് മിനിറ്റിലും എത്താനാകും. ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക-സാങ്കേതിക കേന്ദ്രങ്ങളെ ഒരൊറ്റ വലിയ സാമ്പത്തിക മേഖലയായി ബന്ധിപ്പിക്കാൻ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു–മംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ തീരദേശ കർണാടകയുടെ റെയ്ൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടും. മംഗളൂരു, ഉഡുപ്പി, കാർവാർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള മികച്ച റെയ്ൽ ബന്ധത്തിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയ്ൽവേ അടിസ്ഥാനസൗകര്യ വികസനം, പുതിയ ട്രെയ്നുകൾ, റെയ്ൽവേ സ്റ്റേഷനുകളുടെ നവീകരണം, ബെംഗളൂരു സബർബൻ റെയ്ൽ പദ്ധതി, മെട്രൊ വികസനം എന്നിവയും മന്ത്രി പരാമർശിച്ചു.