എസ്പി പുരാൻ കുമാർ ഝാ

 
India

വിദ‍്യാർഥി പ്രക്ഷോഭത്തിനിടെ എകെ 47 ഉപയോഗിച്ച് വെടിയുതിർത്തു; ബിഹാറിൽ എസ്പിയെ സ്ഥലംമാറ്റി

സിവാനിലെ എസ്പിയായ പുരാൻ കുമാർ ഝായ്‌ക്കെതിരേയാണ് നടപടി

Aswin AM

പറ്റ്ന: സംസ്ഥാനത്ത് ജൂലൈ 25ന് നടന്ന വിദ‍്യാർഥി പ്രക്ഷോഭത്തിനിടെ എകെ 47 തോക്ക് ഉപയോഗിച്ചതിന് എസ്പിയെ സ്ഥലം മാറ്റി ബിഹാർ സർക്കാർ. സിവാനിലെ എസ്പിയായ പുരാൻ കുമാർ ഝായ്‌ക്കെതിരേയാണ് നടപടി.

ഇതുസംബന്ധിച്ച ഉത്തരവ് ബിഹാർ ആഭ‍്യന്തരവകുപ്പ് പുറത്തിറക്കി. എന്നാൽ എവിടെയ്ക്കാണ് സ്ഥലം മാറ്റിയതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. പുരാൻ കുമാറിന് പകരം ഭാരത് സോണിയെന്ന ഉദ‍്യോഗസ്ഥനെയാണ് സിവാനിലെ എസ്പിയായി നിയമിച്ചിരിക്കുന്നത്.

ഇതുകൂടാതെ ബോജ്പൂരിലെ എസ്പിമാർ ഉൾപ്പടെ 17 മുതിർന്ന ഐപിഎസ് ഉദ‍്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ആക്റ്റിവിസ്റ്റ് ഭരത് തിവാരിയുടെ എൻകൗണ്ടറിനു കാരണമായ ഭോജ്പൂർ എസ്പിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. അവദേശ് ദിക്ഷിത് ആണ് ഭോജ്‌പൂരിലെ പുതിയ എസ്പി.

ജൂലൈ 25ന് സിവാനിലെ ജെപി ചൗക്കിന് സമീപത്തുവച്ചാണ് എസ്പിയായ പുരാൻ കുമാർ എകെ 47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് നാലുതവണ വെടിയുതിർത്തത്. എന്നാൽ ആ വെടിവയ്പ്പിൽ ആർക്കും പരുക്കേറ്റിരുന്നില്ലെന്നാണ് ബിഹാർ സർക്കാർ പറയുന്നത്. പക്ഷേ അന്നത്തെ പൊലീസ് നടപടിയിൽ മൂന്നുപേർക്ക് പരുക്കേറ്റിരുന്നു.