ബിഹാറിലെ സദാചാര ആക്രമണം; പ്രതി നന്ദൻ യാദവിന് കോടതി വളപ്പിൽ വച്ച് മർദനം| Video
പറ്റ്ന: ബിഹാറിലെ ജമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും ആൺ സുഹൃത്തിനും നേരെ സദാചാര ആക്രമണം നടത്തിയ കേസിലെ മുഖ‍്യ പ്രതിക്ക് മർദനമേറ്റു.
പ്രധാന പ്രതിയായ നന്ദൻ യാദവിനെയാണ് കോടതിയിൽ ഹാജരാക്കിയ ശേഷം മടങ്ങുന്നതിനിടെ പുറത്തു കാത്തുനിന്നയാളുകൾ മർദിച്ചത്. വാർത്താ ഏജൻസിയായ പിടിഐ മർദനത്തിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 5 പേർ അറസ്റ്റിലായിട്ടുണ്ട്. നന്ദൻ യാദവിനെ എൻകൗണ്ടറിൽ കാലിന് വെടിവച്ചിട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുതുകയായിരുന്നു. ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ നിന്നും ഏകദേശം 150 കിലോമീറ്റർ ദൂരമുള്ള ജമുയയിൽ സെപ്റ്റംബർ 19ന് ഒരു സംഘം ആളുകൾ പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
പത്താം ക്ലാസ് വിദ‍്യാർഥികളായ ഇരുവരും കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികളിലൊരാളായ രാമാഷിഷ് ചൗധരി ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാളിപ്പോഴും ഒളിവിലാണ്. പ്രതികളുടെ ഭീഷണിയും ഭയവും കാരണം ഇരകളായ രണ്ടുപേരും പരാതി നൽകിയിരുന്നില്ല. പിന്നീട് വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ പോക്സോ നിയമപ്രകാരവും ബിഎൻഎസിലെ മറ്റു വകുപ്പുകൾ പ്രകാരവും കേസെടുക്കുകയായിരുന്നു.