ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ്; 17 വർഷം ജയിലിൽ കഴിഞ്ഞ 2 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന ഗർഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജീവപര്യന്തം തടവുശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.
17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നതും അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ പരിഗണിക്കാനുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ബിപിൻചന്ദ് ജോഷി, പ്രദിപ് മോദിയ എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2017 മേയിൽ ബോംബെ ഹൈക്കോടതി തങ്ങളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചതിനെതിരെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികളിലൊരാളായ ജോഷി കടുത്ത ശാരീരിക വൈകല്യം നേരിടുന്നയാളാണെന്ന കാര്യവും കോടതി പരിഗണിച്ചു.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ സർക്കാർ അഭിഭാഷകൻ എതിർത്തു. കുറ്റകൃത്യങ്ങളുടെ ഗൗരവവും വിചാരണക്കോടതിയും ഹൈക്കോടതിയും തെളിവുകൾ പരിശോധിച്ച് കുറ്റം ശരിവച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതികളിലൊരാളെ ആദ്യ എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും സംഭവത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ പ്രതി ചേർത്തതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ആദ്യ പൊലീസ് മൊഴിയിലും വൈദ്യപരിശോധനയ്ക്കിടെ ഡോക്റ്റർക്ക് നൽകിയ മൊഴിയിലും ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. സംഭവസമയത്ത് ആൾക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നതല്ലാതെ ഇരുവർക്കുമെതിരേ പ്രത്യേക കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ഗുജറാത്ത് സർക്കാർ 2022 ഓഗസ്റ്റിൽ അനുവദിച്ച ശിക്ഷാ ഇളവ് സുപ്രീം കോടതി 2024 ജനുവരിയിൽ റദാക്കിയിരുന്നു. ഇതേ തുടർന്ന് പ്രതികൾ ജയിലിലേക്ക് മടങ്ങിയിരുന്നു.
21ാം വയസിൽ അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയായത്. ബിൽക്കിസിന്റെ മൂന്ന് വയസുള്ള മകൾ അടക്കമുള്ള ഏഴ് കുടുംബാംഗങ്ങളാണ് കലാപത്തിൽ കൊല്ലപ്പെട്ടത്.