അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സിഖ് സമൂഹത്തിന്‍റെ വികാരങ്ങളെ മാനിച്ചില്ല; ഇന്ത‍്യാസഖ‍്യത്തിന്‍റെ റാലിക്കെതിരേ ബിജെപി
ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം നടത്തുന്ന പ്രതിഷേധ റാലിക്കെതിരേ ബിജെപി. രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ചെറുകിട ബിസിനസുകളെ തടസപ്പെടുത്തിയെന്നും സിഖ് സമൂഹത്തിന്‍റെ വികാരങ്ങളെ മാനിച്ചില്ലെന്നും ബിജെപി പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്‍റെ വാർഷിക ദിനത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത‍്യാസഖ‍്യം പ്രതിഷേധം സംഘടിപ്പിച്ചത്.
സിഖ് സമൂഹത്തിലെ അമ്മമാരുടെയും കുട്ടികളുടെയും വികാരങ്ങളെ വല്ലാതെ വേദനിപ്പിക്കുമെന്നതിനാൽ നവംബർ 1,2,3 തീയതികളിൽ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് ആവശ‍്യപ്പെട്ട് തങ്ങളുടെ പാർട്ടി വാർത്താസമ്മേളനം നടത്തിയിരുന്നുവെന്നും രാഹുൽ ഗാന്ധി ചരിത്രം പഠിക്കാത്തതുകൊണ്ട് വിഷയത്തെ പറ്റി അറിവുണ്ടാവില്ലെന്ന് തങ്ങൾ കരുതിയിരുന്നുവെന്നും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധത്തിനെതിരേ കേന്ദ്ര മന്ത്രി ജെ.പി നദ്ദയും രംഗത്തെത്തി. രാംലീല മൈതാനത്ത് അരങ്ങേറുന്നത് ജനാധിപത‍്യത്തോടുള്ള ആദരവല്ലെന്നും രാജ‍്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള ഗൂഡാലോചനയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹിയെ സ്തംഭിപ്പിക്കുക, ചെറുകിട കച്ചവടക്കാരുടെയും വ‍്യാപാരികളുടെയും ഉപജീവന മാർഗം തകർക്കുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്‍റെയും ലക്ഷ‍്യമെന്ന് ജെ.പി. നദ്ദ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.