രാഹുൽ ഗാന്ധി, സുധാൻഷു ത്രിവേദി

 
India

''ബാലറ്റ് പേപ്പറായാലും ഇവിഎമ്മായാലും രാഹുൽ ഗാന്ധി പരാജയം''; എംഎൽസി തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വിമർശിച്ച് ബിജെപി

രാഹുൽ ഗാന്ധി അരാജകത്വവും അക്രമവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് സുധാൻഷു ത്രിവേദി ആരോപിച്ചു

Aswin AM

ബെംഗളൂരു: കർണാടക ലെജിസ്‌ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു സീറ്റിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി.

രാഹുൽ ഗാന്ധി അരാജകത്വവും അക്രമവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് സുധാൻഷു ത്രിവേദി ആരോപിച്ചു. ബാലറ്റ് പേപ്പറായാലും ഇവിഎം മെഷീനുകളായാലും അവർ തോൽക്കുമെന്നും രാഹുൽ ഗാന്ധി ഒരു വലിയ പരാജയമാണെന്നും ബിജെപി നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും വെറുതെ വിദേശയാത്രകൾ നടത്തിയാൽ മാത്രം പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയിൽ മടി കാണിക്കുന്ന ശീലം ഉപേക്ഷിക്കൂവെന്നും അപ്പോൾ കള്ളവോട്ട് ആരോപണം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക ലെജിസ്‌ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നു സീറ്റിലും അവരുടെ സഖ‍്യകക്ഷിയായ ജനതാദൾ( സെക‍്യുലർ) ഒരു സീറ്റിലും വിജയിച്ചു.

ഒക്റ്റോബർ 23നായിരുന്നു നാലു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറിലായിരുന്നു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തെത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടത് ഇവിഎമ്മുകളെ പറ്റിയുള്ള അവരുടെ വിമർശനങ്ങളുടെ ശക്തി കുറച്ചുവെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, ഭരണകക്ഷിക്ക് അനുകൂലമായി കാര‍്യങ്ങൾ നീക്കാൻ എസ്ഐആർ നടപടികളെ ഉപയോഗിച്ചുവെന്ന് പാർട്ടി നേതാവ് പ്രിയങ്ക് ഖാർഗെ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായ പ്രക്രിയയാണ് എസ്ഐആറെന്നും പശ്ചിമ ബംഗാളിലും ബിഹാറിലും അത് വ‍്യക്തമായിരുന്നുവെന്നും ഇപ്പോൾ തന്‍റെ നാടായ കർണാടകയിലും അത് വ‍്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.