സമിക് ഭട്ടാചാര‍്യ
വാരണാസി: പശ്ചിമ ബംഗാളിന്‍റെ പേര് മാറ്റാനൊരുങ്ങി സുവേന്ദു സർക്കാർ. പശ്ചിമ ബംഗാളിനു പകരം പശ്ചിം ബംഗ എന്ന് പേര് മാറ്റാൻ ബിൽ ഉടനെ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ സമിക് ഭട്ടാചാര‍്യ പറഞ്ഞു.
വാരണാസിയിലെ പശ്ചിം ബംഗ ഭവന്‍റെ നിർമാണത്തെ പറ്റിയുള്ള ചോദ‍്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഇനി മുതൽ ബംഗ എന്നോ ബംഗാൾ എന്നോ ആയിരിക്കില്ല പേര്. അത് പശ്ചിം ബംഗ എന്നായിരിക്കും. സംസ്ഥാനത്തിന്‍റെ പേര് അതിന്‍റെ ചരിത്രപരമായ സ്വത്വവുമായി ബന്ധപ്പെടുത്താനും അറിയപ്പെടാനും വേണ്ടിയാണ് ഞങ്ങളുടെ സർക്കാർ ആദ‍്യ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുന്നത്'.
സമിക് ഭട്ടാചാര‍്യ പറഞ്ഞു. മുൻപും പശ്ചിമ ബംഗാളിന്‍റെ പേര് മാറ്റണമെന്ന ആവശ‍്യവുമായി ഭരണത്തിലിരിക്കുന്ന സർക്കാരുകൾ ശ്രമം നടത്തിയിട്ടുണ്ട്. 1999ൽ ജ‍്യോതി ബസുവിന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ പശ്ചിമ ബംഗാളിന്‍റെ പേര് പശ്ചിമ ബംഗാ എന്നാക്കണമെന്ന് ആവശ‍്യം ഉയർത്തിയെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല.
2011ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഈ വിഷയം വീണ്ടും ഉയർന്നു. സംസ്ഥാനത്തിന്‍റെ പേര് പശ്ചിമ ബംഗാ എന്നാക്കണമെന്നായിരുന്നു ആവശ‍്യം. എന്നാൽ അന്ന് കേന്ദ്രത്തിന്‍റെ യുപിഎ സർക്കാർ ഈ ആവശ‍്യം തള്ളി. തുടർന്ന് 2016ൽ ബംഗ്ലാ എന്ന പേരും തൃണമൂൽ സർക്കാർ മുന്നോട്ടുവച്ചിരുന്നു. 2018ൽ ഇതു സംബന്ധിച്ച് നിയസഭയിൽ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാർ അനുമതി നിഷേധിച്ചു.