കോൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ മത്സ്യവിഭവം കഴിക്കുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി

 
India

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

കൗശികി അമാവാസിയോടനുബന്ധിച്ചാണ് സുവേന്ദു അധികാരി കോൽക്കത്തയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യ വിഭവം കഴിച്ചത്

Sarath Nath MS

കോൽക്കത്ത: ഹിന്ദു മതവിശ്വാസികളുടെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളിൽ പൊതുവെ മാംസാഹാരം നിഷിദ്ധമാണ്. എന്നാൽ പശ്ചിമ ബംഗാളിൽ ഭക്ഷണരീതിയെ ചൊല്ലിയുള്ള വിവാദത്തിനിടെ കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യ വിഭവം കഴിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസിയോടനുബന്ധിച്ചാണ് സുവേന്ദു അധികാരി കോൽക്കത്തയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിഘട്ട് ക്ഷേത്രത്തിലെത്തിയത്. മീൻതല, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവയാണ് അദ്ദേഹം കഴിച്ചത്.

ബംഗാളിലെ കാളിഘട്ട് ഉൾപ്പെടെയുള്ള ചില ക്ഷേത്രങ്ങളിൽ ദേവിക്ക് മീനും ആടിന്‍റെ മാംസവും നിവേദിക്കുന്ന പാരമ്പര്യമുണ്ട്. നിവേദിച്ച ഭക്ഷണം പിന്നീട് ഭക്തർ പ്രസാദമായി കഴിക്കുകയും ചെയ്യും. എന്നാൽ ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദുർഗാപൂജ സമയത്ത് മാംസാഹാരം കഴിക്കുന്ന ബംഗാളി ഹിന്ദുക്കളെ അദ്ദേഹം കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചിരുന്നു. ദുർഗാപൂജക്കാലത്ത് പശ്ചിമ ബംഗാളിലെ മാംസ, മദ്യശാലകൾ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ബിജെപിയുടെ ബംഗാൾ ഘടകം രംഗത്തെത്തി. ബംഗാളികളുടെ ഭക്ഷണരീതിയിൽ ആർക്കും തീരുമാനമെടുക്കാനാകില്ലെന്ന് ബിജെപി വ്യക്തമാക്കി. ബംഗാളികൾ മീനും മാംസവും കഴിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. സ്വാമി വിവേകാനന്ദൻ ബംഗാളികൾ മീനും മാംസവും കഴിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധീരേന്ദ്ര ശാസ്ത്രിയുടെ ഭക്ഷണവുമായി ബന്ധപ്പെട്ട അഭിപ്രായം അദ്ദേഹത്തിന്‍റെ വ്യക്തിപരമാണെന്നും അത് അംഗീകരിക്കണമോ വേണ്ടയോ എന്നത് ജനങ്ങളുടെ തീരുമാനമാണെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. “ഞാൻ സനാതന ഹിന്ദുവാണ്. മഹാഷ്ടമിയിൽ ദുർഗാദേവിയെ ആരാധിക്കുമ്പോൾ സാത്വിക ഭക്ഷണമാണ് കഴിക്കുന്നത്. അതേസമയം, കാളിക്ക് നിവേദിക്കുന്ന ആട്ടിറച്ചി പോലുള്ള മാംസാഹാരവും കഴിക്കാറുണ്ട്. ക്ഷേത്രത്തിൽ മീൻതല, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ ഉണ്ടായിരുന്നു. ഞാൻ അത് കഴിച്ചു”- സുവേന്ദു അധികാരി പറഞ്ഞു.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി

മരണപ്പെട്ട മാധ്യമപ്രവർത്തകർ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം; കർശന നടപടിക്ക് നിർദേശിച്ച് ആഭ്യന്തര മന്ത്രി